LATEST

രൂപം മാറുമ്പോള്‍ വില 45ല്‍ നിന്ന് 270ലേക്ക്; കര്‍ഷകന് കോളടിക്കുന്നത് ഇങ്ങനെ


വടക്കഞ്ചേരി: വടക്കഞ്ചേരി, നെന്മാറ പ്രദേശങ്ങളായ തിരുവഴിയാട്, പാളിയമംഗലം, മരുതഞ്ചേരി, കരിമ്പാറ മംഗല ഡാം മേഖലകളിലെ ഇഞ്ചി പാടങ്ങളില്‍ ഇക്കുറി പതിവിലും നേരത്തെ വിളവെടുപ്പ് ആരംഭിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും വില കൂടിനില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. വിപണിയില്‍ ചുക്കിന് കിലോയ്ക്ക് 250-270 രൂപയും പച്ച ഇഞ്ചിക്ക് 45-50 രൂപയും ലഭിക്കുന്നുണ്ട്. മാര്‍ക്കറ്റിലേക്കുള്ള പച്ച ഇഞ്ചിയുടെ നീക്കം കുറവായിരിക്കെ, ഏകദേശം 90 ശതമാനം ഇഞ്ചിയും ചുക്ക് ആക്കി വിപണനം ചെയ്യുന്നതാണ് പതിവ്.അതേസമയം രോഗബാധയും കീടാക്രമണവും മൂലം ഉല്‍പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കര്‍ഷകനായ കുറുമ്പൂര്‍ എ.ഷാഹുല്‍ പറഞ്ഞു. ഏക്കറിന് 45,000 മുതല്‍ 50,000 രൂപ വരെ പാട്ടത്തിനു ഭൂമി എടുത്താണ് കര്‍ഷകര്‍ ഇഞ്ചി കൃഷി നടത്തുന്നത്. പാടങ്ങളിലേക്ക് വ്യാപാരികള്‍ വാഹനങ്ങളുമായി എത്തി ഇഞ്ചിയും ചുക്കും വാങ്ങുന്നത് കര്‍ഷകര്‍ക്ക് സൗകര്യമായി. കൊച്ചി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളാണ് പ്രധാന ഇഞ്ചി,ചുക്ക് വിപണന കേന്ദ്രങ്ങള്‍. 60 കിലോഗ്രാം പച്ച ഇഞ്ചി ഉണക്കിയാല്‍ ശരാശരി 13 മുതല്‍ 18 കിലോ വരെ ചുക്ക് ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.ഒരു ചാക്ക് ഇഞ്ചി തൊലി കളയുന്നതിന് 110 രൂപ കരാറില്‍ തൊഴിലാളികള്‍ ചെയ്യുന്നുണ്ട്. തൊലി ചുരണ്ടി ഒരാഴ്ചയോളം തുടര്‍ച്ചയായി ഉണക്കിയ ശേഷമാണ് ഇഞ്ചി ചുക്ക് ആയി മാറുന്നത്.10 ശതമാനം ജലാംശം നിലനിര്‍ത്തി ഉണക്കിയ ചുക്കിനാണ് വിപണിയില്‍ കൂടുതല്‍ വില ലഭിക്കുന്നത്. മൂന്ന് ഏക്കറില്‍ ഇഞ്ചി കൃഷി ചെയ്താലും രോഗബാധയും കീടാക്രമണവും മൂലം അര ഏക്കര്‍ മുതല്‍ ഒരു ഏക്കര്‍ വരെ വിളവ് നഷ്ടപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു.


Source link

Related Articles

Back to top button