രണ്ടു കോടിയുടെ ആഭരണ മോഷണം, കവടിയാർ കൊട്ടാരത്തിൽ പൊലീസ് പരിശോധന

തിങ്കളാഴ്ച ഡി.സി.പി കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലഷ്മി ബായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പൊലീസ് പരിശോധന. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിനു പുറമെ കേസ് അന്വേഷിക്കുന്ന പേരൂർക്കട പൊലീസും കന്റോൺമെന്റ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ആഭരണങ്ങൾ മോഷണം പോയ അലമാരയും മുറിയും പരിശോധിച്ചു. മോഷണം നടന്ന മുറിയിലേക്ക് ഏതൊക്കെ മുറികളിൽ നിന്നു കടക്കാൻ കഴിയുമെന്നതും പരിശോധിച്ചു. അവിടേക്കു കടക്കാൻ അനുവാദമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. അലമാരയിൽ ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പരാതി നൽകിയ അശ്വതി തിരുനാൾ ഗൗരി ലഷ്മി ബായിയുമായി കമ്മിഷണർ കൂടിക്കാഴ്ച നടത്തി. അലമാരയുടെ താക്കോൽ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. താക്കോൽ ഉപയോഗിച്ച് അലമാര പലതവണ തുറന്ന് ആഭരണങ്ങൾ കടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. കൊട്ടാരം ജീവനക്കാരുടെ മൊഴിയെടുപ്പ് പേരൂർക്കട സ്റ്റേഷനിൽ തുടരുകയാണ്. കൊട്ടാരത്തിലെത്തിയ വിദേശികളടക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി. കൊട്ടരം ചിത്രീകരിക്കാനെത്തിയ യൂട്യൂബർമാരും പട്ടികയിലുണ്ട്. കൊട്ടാരത്തിൽ താമസിക്കുന്നവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
Source link



