CINEMA

മെട്രോ നഗരങ്ങളിൽ സുഗന്ധവ്യഞ്ജന മാർക്കറ്റ് വേണം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായി മാർക്കറ്റും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. സുഗന്ധവ്യഞ്ജന വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും പിന്തുണ നൽകി മേഖലയെ കൂടുതൽ മത്സരക്ഷമമാക്കുന്നതിനാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര പരിശോധന, ഡോക്യുമെന്റേഷൻ,ബാങ്കിംഗ് പിന്തുണ,ഡിജിറ്റൽ ഫയലിംഗുകൾ എന്നിവ കാര്യക്ഷമമാക്കാൻ കംപ്ലയൻസ് ഹബ്ബുകളിലൂടെ സാധിക്കും.

യു.എസിന്റെ അധിക തീരുവ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായ കയറ്റുമതി മേഖലയെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ രൂപംനൽകിയ കയറ്റുമതി പ്രോത്സാഹന മിഷന് കീഴിൽ സുഗന്ധവ്യഞ്ജന മേഖലയെ ഉൾപ്പെടുത്തണമെന്നും സ്‌പൈസസ് ബോർഡ് ആവശ്യപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ അക്രെഡിറ്റഡ് ലാബ് സൗകര്യം ഒരുക്കണമെന്നും അഡ്വ.സംഗീത വിശ്വനാഥൻ പറഞ്ഞു.


Source link

Related Articles

Leave a Reply

Back to top button