‘മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്, പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരം’

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കളെ ന്യായീകരിച്ച് പാർട്ടി ജനറൽ സെക്രട്ടി എംഎ ബേബി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനാേട് പറഞ്ഞത്. അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പിണറായിയുടെ മുഖം മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ല. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായിക്കും. പിണറായിയുടെ മുഖം മാത്രം എന്ന വിമർശനത്തിൽ കാര്യമില്ല. സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ മുഖം കുറവാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറയുമ്പോൾ നയിച്ചയാളെക്കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.സതീശന് മുഖം കാണിക്കാനുള്ള തള്ളലാണ്. സതീശനും സുധാകരനും തമ്മിൽ പറഞ്ഞത് കേട്ടതാണല്ലോ. പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരമാണ്. മറ്റ് മുഖം വേണ്ടെന്നാണ് ഓരോരുത്തരും പറയുന്നത്. ഇടതുപക്ഷത്ത് കൂട്ടായ്മയാണുള്ളത്’- എം എ ബേബി പറഞ്ഞു.
Source link


