മാനേജർ ജോലി രാജി വച്ച് അരവിന്ദ് തുടങ്ങിയ സംരംഭം വൻവിജയം, മാസം നേടുന്നത് ഒന്നേകാൽ ലക്ഷം രൂപ

പത്തനംതിട്ട : സർബത്തിൽ നാട്ടുമരുന്നായ നറുനീണ്ടി ലയിച്ചപ്പോൾ അരവിന്ദ് നേടിയത് പുതിയ ജീവിതമാർഗവും വലിയ സുഹൃത്ത് വലയവും. തൃശൂർ റബർ പ്ലാന്റേഷനിലെ മാനേജർ ജോലി രാജിവച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സർബത്ത് കട തുടങ്ങിയത് അറിഞ്ഞ് പരിഹസിച്ചവരായിരുന്നു ഏറെയും. എം.കോംകാരന്റെ സർബത്ത് കടയോ ?….എന്ന ചോദ്യം ഉന്നയിച്ച് ഹീറ്റാകുന്നവരെ ഒറ്റ ഗ്ളാസ് നറുനീണ്ടി സർബത്തിൽ കൂളാക്കും അരവിന്ദ്. എം.കോം പഠനത്തിന് ശേഷം റബർ പ്ലാന്റേഷനിൽ ആറുവർഷം ജോലിചെയ്തു. വർഷങ്ങൾക്ക് മുമ്പ് തൃശൂരിലെ ഒരുകടയിൽ നിന്ന് നറുനീണ്ടി സർബത്ത് കുടിച്ചത് വഴിത്തിരിവായി. അന്ന് തുടങ്ങിയതാണ് നറുനീണ്ടിയോടുള്ള ഭ്രമം. പതിവുകാരനായതോടെ അവിടെ നിന്നുതന്നെ സർബത്തിന്റെ രുചിക്കൂട്ടും മനസിലാക്കി. ജന്മനാട്ടിൽ നറുനീണ്ടിക്ക് ഒരുഇടം ഒരുക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ നിരവധിപേർ അരവിന്ദിന്റെ അതിഥികളായെത്തി. സർബത്ത് തയ്യാറാക്കാനുള്ള നറുനീണ്ടി സിറപ്പും വിൽപ്പന നടത്തുന്നുണ്ട്. പത്തനംതിട്ട കുമ്പഴ നന്ദനംവീട്ടിൽ പരേതനായ അച്ചുതമേനോന്റേയും സുധയുടേയും മകനാണ് ഇൗ മുപ്പതുകാരൻ. ഭാര്യ : മൗന. മകൾ : ആറുമാസം പ്രായമായ ആദിത്യ.
Source link


