ഭാര്യയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു

കോന്നി: ഭാര്യയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു. കോന്നി എലിയറയ്ക്കൽ താഴത്ത്പടിയിൽ വഹാബ് (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എലിയറയ്ക്കലിൽ താമസിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി നിയാസ് (32) നെ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 12 നാണ് സംഭവം. രാത്രിയിൽ നിയാസും സുഹൃത്തും ചേർന്ന് മദ്യപിച്ചു. അതിനുശേഷം നിയാസ് ഭാര്യയെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയതാണ് വഹാബ്. ഇതിനിടയിൽ ചുറ്റിക പോലെയുള്ള ഉപകരണംകൊണ്ട് നിയാസ് വഹാബിന്റെ തലയ്ക്കടിച്ചതായി പൊലീസ് പറഞ്ഞു. വഹാബിന്റെ നിലവിളി കേട്ടെങ്കിലും നിയാസ് താമസിക്കുന്ന വീട്ടിൽ സ്ഥിരം വഴക്കായതിനാൽ വൈകിയാണ് അയൽക്കാർ ഓടിയെത്തിയത്. ചോരയിൽ കുളിച്ചുകിടന്ന വഹാബിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അതിനുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഹാബ് ഒറ്റയ്ക്കാണ് താമസം .വർഷങ്ങൾക്കു മുമ്പ് വിവാഹബന്ധം വേർപ്പെടുത്തിയ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും വേറെയാണ് താമസം. നിയാസ് സ്ഥിരം അക്രമിയും വീട്ടിൽ സംഘർഷമുണ്ടാക്കുന്ന ആളുമാണെന്നാണ് അയൽക്കാർ പറയുന്നത്. ഭാര്യയെ മർദ്ദിക്കുന്നതും പതിവാണ്. വഹാബ് തടസംപിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിയാസ് ഉപദ്രവിച്ചിട്ടുണ്ടന്ന് നാട്ടുകാർ പറഞ്ഞു.
Source link



