ഭയം മാറ്റിവച്ച് ലോകം ചുറ്റാം: പെൺകരുത്തായി ഇന്ത്യയിലെ അഞ്ച് വനിതാ ട്രാവൽ കൂട്ടായ്മകൾ

.news-body p a {width: auto;float: none;}
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സുരക്ഷയും സമൂഹത്തിന്റെ തുറിച്ചുള്ളനോട്ടവും കാരണം പല സ്ത്രീകളും യാത്രചെയ്യാനുള്ള ആഗ്രഹത്തിൽ നിന്ന് പിന്നോട്ട് പോകാറുണ്ട്. എന്നാൽ ഇത്തവണത്തെ വനിതാ ദിനത്തിൽ ആത്മവിശ്വാസത്തോടെ ബാഗ് പാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന സ്ത്രീകൾ മാത്രമുള്ള ട്രാവൽ കൂട്ടായ്മകളെയാണ് പരിചയപ്പെടുത്തുന്നത്. അപരിചിതരായ സ്ത്രീകളെ ഉറ്റ സുഹൃത്തുക്കളാക്കുന്ന, സാഹസികതയും സുരക്ഷയും ഉറപ്പുനൽകുന്ന അഞ്ച് കൂട്ടായ്മകളാണ് ദി ഫ്ളാപ്പർ ലൈഫ്, വാണ്ടർ വുമണിയ, വൗ ക്ലബ് , ലഡാക്കി വിമൻസ് ട്രാവൽ കമ്പനി,വോവോയേജ് എന്നിവ.
ദി ഫ്ളാപ്പർ ലൈഫ്
അനുഭവങ്ങളിലൂടെയുള്ള യാത്രയാണ് ഫ്ളാപ്പർ ലൈഫ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. പൂർണമായും സത്രീകൾ മാത്രമായിരിക്കും ഈ യാത്രയെ നയിക്കുക. ഇന്ത്യയിലടക്കം ഏഷ്യയുടെ വിവിധ ഭാഗങ്ങളിലെ സാംസ്കാരിക ഇടങ്ങളിലേക്കുള്ള യാത്രകൾക്കാണ് പ്രാധാന്യം നൽകുന്നത്. വീടിന് പുറത്ത് നിന്നും ആദ്യമായി ദീർഘദൂര യാത്ര ചെയ്യാൻ ഒരുങ്ങുന്ന വനിതകൾക്ക് മേഘാലയയും തഡോബയും കാശ്മീരും സന്ദർശിക്കുന്നതിലൂടെ മികച്ച അനുഭവവും കരുത്തുമായിരിക്കും നൽകുക.
വാണ്ടർ വുമണിയ
യാത്രകൾ പണക്കാരന്റെ മാത്രം ആഡംബരമല്ലെന്ന് തെളിയിക്കുകയാണ് അനുജ് സ്ഥാപിച്ച ഈ ഏജൻസി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രകൾ ഒരുക്കുന്ന വനിതാ കൂട്ടായ്മയാണിത്. ഒരാൾക്ക് 5,000 രൂപ മുതലുള്ള പാക്കേജുകൾ ലഭ്യമാണ്. ഒമാനിലെ മരുഭൂമികൾ മുതൽ നമ്മുടെ കേരളത്തിലെ കായൽ പരപ്പുകൾ വരെ ഇവർക്കൊപ്പം ചുറ്റിക്കാണാം.
വൗ ക്ലബ്
2005 മുതൽ സുമിത്രാ സേനാപതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 50ലധികം രാജ്യങ്ങൾ ഒറ്റയ്ക്ക് സഞ്ചരിച്ച സുമിത്രയുടെ അനുഭവസമ്പത്താണ് ക്ലബ്ബിന്റെ കരുത്ത്. മാലിദ്വീപിലെ സ്നോർക്കലിംഗ്,ജോധ്പൂരിലെ സൂഫി ഫെസ്റ്റിവലുകൾ, വിയറ്റ്നാമിലെ കുടുംബ വിരുന്നുകൾ, ലഡാക്കിലെ സ്റ്റാർ ഗേസിംഗ് ക്യാമ്പുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ലഡാക്കി വിമൻസ് ട്രാവൽ കമ്പനി
പ്രശസ്ത ഗൈഡ് തിൻലാസ് ചോറോൾ സ്ഥാപിച്ച കൂട്ടായ്മ ലഡാക്കിലെ പ്രാദേശികരായ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ലഡാക്കിലെ ട്രെക്കിംഗുകൾക്കും സാംസ്കാരിക ടൂറുകൾക്കും അവിടുത്തെ പ്രാദേശിക വനിതാ ഗൈഡുകൾ തന്നെയാണ് നേതൃത്വം നൽകുന്നത്. ഹോംസ്റ്റേകളിലെ താമസം വഴി ലഡാക്കി സംസ്കാരം അടുത്തറിയാൻ സഞ്ചാരികൾക്ക് സാധിക്കും.
വോവോയേജ്
2016ൽ രശ്മി ഛദ്ദ സ്ഥാപിച്ച സംരംഭം സ്ത്രീകൾക്കായി ഒരു പ്രത്യേക യാത്രാ പരിസ്ഥിതിയാണ് ഒരുക്കുന്നത്. വിദേശത്തുനിന്നുള്ള വനിതാ സഞ്ചാരികൾക്കും മികച്ച പിന്തുണയാണ് ഇവർ നൽകുന്നത്. യോഗ റിട്രീറ്റുകൾ, ഫോട്ടോഗ്രാഫി വർക്ക്ഷോപ്പുകൾ, സൈക്ലിംഗ് റൂട്ടുകൾ എന്നിങ്ങനെ വ്യത്യസ്തമായ പ്രമേയങ്ങളിലാണ് ഇവരുടെ യാത്രകൾ. ഒരേ ചിന്താഗതിയുള്ള സ്ത്രീകളെ കൂട്ടിമുട്ടിക്കുന്നതിൽ മുൻപന്തിയിലാണ് വോവോയേജ്.
Source link



