ഫീസ് അടയ്ക്കാനായി വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയിൽ, ഇടിനലക്കാരന് 60 ലക്ഷം, യുവാവിന് കിട്ടിയത് വെറും 3.5 ലക്ഷം

ലക്നൗ: ഫീസ് അടയ്ക്കാനുള്ള പണം കണ്ടെത്താനാകാത്തതിനാൽ വീട്ടുകാരറിയാതെ വൃക്ക വിറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. 23കാരനായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥിയാണ് വൃക്ക വിറ്റത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
മാർച്ച് 21ന് മുസാഫർനഗറിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ആയുഷിന്റെ വൃക്ക പരുൺ തോമർ എന്ന സ്ത്രീക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഇരുവരുടെയും ആരോഗ്യനില മോശമായതോടെ ലക്നൗവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ആയുഷിന് കോളേജ് ഫീസ് അടയ്ക്കാനുള്ള പണം കണ്ടെത്താനായിരുന്നില്ല. ഈ അവസരത്തിലാണ് വൃക്ക നൽകിയാൽ ആറുലക്ഷം രൂപ നൽകാമെന്ന വാഗ്ദാനം ലഭിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ് പകുതതുകയും ശേഷമുള്ളത് പിന്നീട് നൽകാമെന്നുമായിരുന്നു ധാരണ. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നരലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് യുവാവ് പറയുന്നു.
അതേസമയം, അന്വേഷണത്തിൽ രോഗിയായ പരുൺ തോമറിൽ നിന്നും ഇടനിലക്കാർ 60 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പിതാവിന്റെ മരണശേഷം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും രണ്ടുമാസമായി ഫീസ് അടയ്ക്കാത്തതിനാൽ പഠനം നിർത്തേണ്ട അവസ്ഥയിലെത്തിയിരുന്നെന്നും ആയുഷ് പറയുന്നു.
വൃക്ക വിൽക്കാനുള്ള തന്റെ തീരുമാനം അബദ്ധമായിരുന്നെന്ന് യുവാവ് പറയുന്നു. കൂടാതെ ഇക്കാര്യം തന്റെ അമ്മയോട് പറയരുതെന്ന് ആയുഷ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, മകന്റെ അവസ്ഥയറിഞ്ഞ അമ്മ കടുത്ത മാനസികസംഘർഷത്തിലാണ്. അനധികൃത വൃക്ക വിൽപ്പനയ്ക്കുപിന്നിൽ പ്രവർത്തിച്ച ഇടനിലക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Source link


