‘പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതം’; സിപിഎമ്മിൽ പൊട്ടിത്തെറി

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മത്സരിക്കും. പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, അത് വകവയ്ക്കാതെയാണ് പാർട്ടി ശ്യാമളയെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും തീരുമാനം ആസൂത്രിതമാണെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്.ആറുപതിറ്റാണ്ടായി പാർട്ടിയിൽ പ്രവർത്തിക്കുകയാണെന്നും ഇതുവരെ കാണാത്ത പ്രവണതകളാണിപ്പോൾ പാർട്ടിയിൽ കണ്ടുവരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘടനാരീതിക്കും ധാർമ്മികതയ്ക്കും നിരക്കാത്ത തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.പയ്യന്നൂരിൽ ടി ഐ മധുസൂദനനെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിലും എതിർപ്പുണ്ടായിരുന്നതായും അക്കാര്യം പാർട്ടി സെക്രട്ടറിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് സത്യമെന്നും തട്ടിപ്പിൽ സംശയനിഴലിലുള്ള വ്യക്തിയാണ് മധുസൂദനൻ എംഎൽഎയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link



