‘പദ്മകാന്തി’യിൽ വികാരാധീനനായി വെള്ളാപ്പള്ളി

കൊച്ചി: രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ‘പദ്മകാന്തി” സമ്മേളനം ജനപ്രതിനിധികളുടെയും സമുദായ അംഗങ്ങളുടെയും സാന്നിദ്ധ്യംകൊണ്ട് പ്രൗഢഗംഭീരമായി. ആദരവിനുള്ള മറുപടി പ്രസംഗത്തിൽ ബാല്യ കൗമാര കാലങ്ങളും സമുദായ നേതൃത്വത്തിലേക്കുള്ള നിയോഗവുമുൾപ്പെടെ പദ്മഭൂഷൻലബ്ധി വരെയുള്ള ഹ്രസ്വമായ ജീവചരിത്രം വിവരിച്ച വെള്ളാപ്പള്ളി വികാരാധീനനായി.ആദരിക്കൽ സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി.കേരളകൗമുദിക്കു വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷും പ്രഭു വാര്യരും അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും ചേർന്ന് വെള്ളാപ്പള്ളി നടേശനെ കീരിടം അണിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി കേരളകൗമുദിയുടെ ഉപഹാരം സമർപ്പിച്ചു. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, ഹൈബി ഈഡൻ എം.പി, കെ.എച്ച്.ആർ.എ പ്രസിഡന്റ് ജി. ജയപാൽ എന്നിവർ ജനറൽ സെക്രട്ടറിയെ പൊന്നാടയും മഹാരാജാ ശിവാനന്ദൻ, എം.ഡി. അഭിലാഷ് എന്നിവർ പുഷ്പഹാരവും അണിയിച്ചു.
Source link

