‘നീ പോ മോനേ വിജയൻ, യുവർ ടൈം ഈസ് ഓവർ” നേമത്തെ റോഡ് ഷോയിൽ രേവന്ത് റെഡ്ഡി

തിരുവനന്തപുരം: ‘നീ പോ മോനേ വിജയൻ, യുവർ ടൈം ഈസ് ഓവർ, യു.ഡി.എഫ് ടൈം ഈസ് കമിംഗ്”- നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന്റെ പ്രചാരണത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കത്തിക്കയറി. മുട്ടത്തറയിൽ റോഡ് ഷോയിലെ രേവന്തിന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ കൈയടിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഴലായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷമായി പിണറായി തിരുവനന്തപുരത്തി ഇരിക്കുന്നു. മോദി ഡൽഹിയിലും. ഈ മോദി സഹോദരന്മാർ കാരണം കേരളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.പിണറായിക്കും എൽ.ഡി.എഫിനും വോട്ടു ചെയ്താൽ അത് മോദിയിലേക്കായിരിക്കും എത്തുക. ഈ സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. വർഗ്ഗീയതയെ പിന്തുണയ്ക്കുന്നില്ലെന്നതാണ് കേരളത്തിന്റെ സവിശേഷത. കേരള ജനത വരച്ചിട്ടുള്ള ലക്ഷ്മണരേഖ കാരണമാണ് വർഗീയതയ്ക്ക് ഇവിടേക്ക് വരാൻ സാധിക്കാത്തത്. എന്നാൽ ഇവിടേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരരുതെന്ന് അവർക്ക് നിർബന്ധമുണ്ട്. രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇവിടേക്ക് വരുന്നതും അവർക്ക് സഹിക്കുന്നില്ല. സോണിയാ ഗാന്ധി തെലങ്കാനയെ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാക്കിയത് പോലെ രാഹുൽഗാന്ധി കേരളത്തെയും വികസിപ്പിക്കും. ക്ഷേമവും ഗ്യാരന്റിയും നൽകുന്ന സർക്കാരാണ് കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്നതെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.
Source link


