നാട്ടികയിൽ ഗീത ഗോപിയെ മത്സരിപ്പിക്കാൻ സിപിഐ, എതിർത്ത് സിസി മുകുന്ദൻ എംഎൽഎ, സീറ്റ് തന്നില്ലെങ്കിലും മത്സരിക്കും

തൃശൂർ: നാട്ടികയിൽ സിപിഐ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ഗീത ഗോപിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി സിസി മുകുന്ദൻ എംഎൽഎ. നാട്ടികയിൽ പേയ്മെന്റ് സീറ്റാണെന്ന സൂചനയാണ് മുകുന്ദൻ നൽകുന്നത്. മുൻ എംഎൽഎ ഗീത ഗോപിക്ക് പണം പിരിച്ചുനൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർത്ഥിയാക്കിയത് ശരിയല്ലെന്നുമാണ് സിസി മുകുന്ദൻ എംഎൽഎ പറഞ്ഞത്.നിലവിലെ എംഎൽഎ സിസി മുകുന്ദന് പകരം ഗീതയുടെ പേര് തീരുമാനിച്ചതോടെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ല. സാമ്പത്തിക സ്വാധീനം കൊണ്ടാണ് ഗീത ഗോപിക്ക് സീറ്റ് പാർട്ടി നൽകിയത്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്നും സിസി മുകുന്ദൻ വ്യക്തമാക്കി.സിപിഐയിലെ വിഭാഗീയതയാണ് താൻ ഒഴിവാക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് കാരണം വിഭാഗീയതയാണ്. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയിട്ട് തന്നെ മാത്രം ഒഴിവാക്കിയെന്ന് സിസി മുകുന്ദൻ അറിയിച്ചു.
Source link



