നടപ്പാക്കണമെന്ന് സുപ്രീംകോടതി: ഏകീകൃത സിവിൽ കോഡ് പലതിനും പരിഹാരം

ന്യൂഡൽഹി: ശരിയത്ത് നിയമത്തിലെയടക്കം വ്യക്തിനിയമങ്ങളിലെ പോരായ്‌മകൾക്ക് ഏകീകൃത സിവിൽ കോഡ് (യു.സി.സി) ഉത്തരമാകണമെന്ന ഉറച്ചനിലപാടിൽ സുപ്രീംകോടതി. പിന്തുടർച്ചാവകാശത്തിലുൾപ്പെടെ മുസ്ലിം സ്ത്രീകളോട് വിവേചനമെന്ന ഹർജികൾ പരിഗണിക്കവേയാണ് കോഡ് വരാൻ സമയമായെന്ന താത്പര്യം ആവർത്തിച്ചത്. 1937ലെ മുസ്ലിം പേഴ്സണൽ ലാ (ശരിയത്ത്) ആപ്ലിക്കേഷൻ ആക്‌ടിലെ വ്യവസ്ഥകളയാണ് ഹർജികളിൽ ചോദ്യംചെയ്യുന്നത്. മുസ്ലിം പിന്തുടർച്ചാവകാശ വിഷയത്തിൽ മറ്റൊരു നിയമം നിലവിലില്ലാത്ത സാഹചര്യത്തിൽ നിലവിലെ നിയമം റദ്ദാക്കിയാൽ ശൂന്യതയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇത്തരം കാര്യങ്ങൾ നിയമനിർമ്മാണസഭയുടെ വിവേകത്തിന് വിടുന്നതാണ് ഉചിതം. അങ്ങനെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാവശ്യമായ നിയമം കൊണ്ടുവരാനാകും. ഒരാൾക്ക് ഒരു ഭാര്യയെന്നത് എല്ലാ സമുദായത്തിനും ഒരുപോലെ ബാധകമല്ല. ബഹുഭാര്യത്വ ബന്ധങ്ങളെ അസാധുവായി പ്രഖ്യാപിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കാൻ നിയമനിർമ്മാണസഭയെ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമം റദ്ദാക്കിയാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ഉപയോഗിക്കാനാകുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുസ്ലിം സ്ത്രീകൾക്കും സ്വത്തിൽ തുല്യ അവകാശമുണ്ടെന്ന് വിധിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം, വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയാൽ പോംവഴി എന്താണെന്ന് വ്യക്തമാക്കി ഹർജി ഭേദഗതി ചെയ്യാൻ കോടതി അനുമതി നൽകി.രാഷ്ട്രീയവിഷയം1985ലെ ഷാഹ്ബാനു കേസിലാണ് ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയവിഷയമാകുന്നത്. കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ശുപാർശ ചെയ്‌തു. അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പിന്നീട് പിന്തിരിഞ്ഞു. 2019 നവംബറിലും 2020 മാർച്ചിലും പ്രത്യേക ബിൽ കൊണ്ടുവരാൻ മോദി സർക്കാർ ആലോചിച്ചെങ്കിലും ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പ് ഉയർന്നു.
Source link



