തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിൽ; കസ്റ്റഡിയിലെടുത്തത് പ്രത്യേക സ്‌ക്വാഡ്

തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീള വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ നിന്ന് ഉദയ് ശങ്കർ പിടിയിലായത്. കർണാടകയിലെ വസ്‌തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൊച്ചിയിൽ മറ്റൊരു വസ്‌തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകുന്നതിനാണ് ഈ പണം കയ്യിൽ കരുതിയിരുന്നതെന്നും ഉദയ് ശങ്കർ പറഞ്ഞു.എന്നാൽ, ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും പിടിക്കപ്പെട്ടയാളുടെ കൈവശം ഉണ്ടായിരുന്നില്ല. പിടിക്കപ്പെട്ട പണം ആദായ നികുതി വകുപ്പിന് എക്‌സൈസ് സ്‌ക്വാഡ് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് എത്തിച്ച പണമാണോ ഇതെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Source link

