test del 3

തുറന്ന വാഹനത്തിൽ ‘ഇടതും വലതും ചേർന്ന്’ മോദിയുടെ ‘കൗതുക രാഷ്ട്രീയം’; ശ്രദ്ധേയമായി തിരഞ്ഞെടുപ്പ് സന്ദേശം


തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോയിൽ അദ്ദേഹത്തിനൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിക്കാൻ അവസരം ലഭിച്ച മൂന്നു സ്ഥാനാർഥികളിൽ രണ്ടുപേരും ഇടതു, വലതു മുന്നണികൾ വിട്ടെത്തിയവരാണെന്നതിലെ രാഷ്ട്രീയ സന്ദേശം ശ്രദ്ധേയമായി. തൃശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്. ഇതിനു സമാനമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സിപിഐ വിട്ടു സിറ്റിങ് എംഎൽഎ സി.സി. മുകുന്ദനും ബിജെപിയിലെത്തി. ഇവർക്കു പുറമേ മോദിക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കാൻ അവസരം ലഭിച്ച ഒരേയൊരു സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ മാത്രം.റോഡ്ഷോയിൽ മോദിക്കൊപ്പം ഇടത്തും വലത്തുമായി നിന്നതു സുരേഷ് ഗോപിയും പത്മജയുമാണെന്നതിലുമുണ്ടു മറ്റൊരു കൗതുകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖാമുഖം മത്സരിച്ചവരാണ് ഇരുവരും. എൻഡിഎയ്ക്കു വേണ്ടി സുരേഷ് ഗോപിയും യുഡിഎഫിനു വേണ്ടി പത്മജയും. 40,457 വോട്ട് പിടിച്ചു സുരേഷ് ഗോപി നടത്തിയ വൻ മുന്നേറ്റം പത്മജയുടെ തോൽവിയിൽ നിർണായകമായി. ഇത്തവണ പത്മജയ്ക്കു വേണ്ടി വോട്ടഭ്യർഥിക്കാൻ പ്രധാനമന്ത്രിക്കൊപ്പം മുന്നിട്ടിറങ്ങിയതു സുരേഷ് ഗോപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു റോഡ്ഷോയുടെ പേരിലുണ്ടായ അഭിപ്രായ വ്യത്യാസവും അപമാനവുമാണു പത്മജയെ കോൺഗ്രസ് വിടുന്നതിലേക്കെത്തിച്ച ആദ്യ സംഭവം. പ്രിയങ്ക ഗാന്ധി തൃശൂരിൽ റോഡ്ഷോയ്ക്കെത്തിയപ്പോൾ തുറന്ന വാഹനത്തിൽ ഒപ്പം കയറാൻ അനുവദിക്കാതെ ചില നേതാക്കന്മാർ പത്മജയെ ഇറക്കിവിട്ടതു വലിയ അകൽച്ചയ്ക്കിടയാക്കി.


Source link

Back to top button