test del 3
‘തിരഞ്ഞെടുപ്പിനു തടസമാകും, മാറ്റം വരുത്താനാകില്ല’; ബാലറ്റിൽ അഞ്ജലി പി.വി തന്നെ, അഞ്ജലി നായരുടെ അപേക്ഷ തള്ളി

കൊച്ചി ∙ വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി നൽകിയ അപേക്ഷ തള്ളി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം വരണാധികാരിയാണ് അപേക്ഷ തള്ളിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി അപേക്ഷ നിരസിച്ചത്. നേരത്തെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ഇന്നു രാവിലെ 11ന് അഞ്ജലി നായർ വരണാധികാരിക്കു മുമ്പാകെ ഹാജരായിരുന്നു. ആവശ്യം വരണാധികാരി തള്ളിയതോടെ സ്ഥാനാർഥി പട്ടികയിലും വോട്ടിങ് യന്ത്രത്തിലും ഇനി അഞ്ജലി പി.വി എന്നായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് പരിചിതമായ പേരാണ് ബാലറ്റ് പേപ്പറിൽ ഉണ്ടാകേണ്ടതെന്ന് വാക്കാൽ ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിർദേശിച്ചത്. ഇത് ജനാധിപത്യമാണ്. വോട്ടർക്ക് സ്ഥാനാർഥിയെ മനസിലാകാത്തതിന്റെ പേരിൽ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി.വി. എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും. പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നും അതിനാൽ കോടതിയെ സമീപിക്കുന്നു എന്നുമാണ് അഞ്ജലിയുടെ ഹർജിയിൽ ഉണ്ടായിരുന്നത്. തുടർന്നായിരുന്നു കോടതി നിർദേശം.
Source link


