LATEST

ത​ല​പ്പൊ​ക്കത്തോടെ ​സഖാവിന്റെ പ​ടി​യി​റ​ക്കം


തിരുവനന്തപുരം: പൊക്കിൾകൊടി ബന്ധം മുറിച്ച് ജി.സുധാകരൻ സ്വയം പാർട്ടിയുടെ പടി ഇറങ്ങുമ്പോൾ സി.പി.എമ്മിന് നഷ്ടമാവുന്നത് വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മയ്ക്കും ശേഷം ആലപ്പുഴയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവിനെ. ഗൗരി അമ്മയ്ക്കും എം.വി.രാഘവനും ശേഷം സി.പി.എമ്മിനെ കൈവിടുന്ന പ്രമുഖ നേതാവു കൂടിയാണ് സുധാകരൻ. പ്രതിയോഗിയായി ജി.സുധാകരൻ നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് മുഖത്ത് സി.പി.എം നേരിടേണ്ടിവരുന്ന പ്രതിസന്ധി ചെറുതാവില്ല. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വമുള്ള സുധാകരനോട് പാർട്ടി നീതി കാട്ടയില്ലെന്ന വികാരം ആളിപ്പടർന്നാൽ ആലപ്പുഴയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെയാവും അതിന്റെ പ്രതിഫലനം. സുധാകരനെ സർവാത്മനാ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാവുമ്പോൾ അവരുടെ തന്ത്രങ്ങളിലും വരും അപ്രതീക്ഷിത മാറ്റങ്ങൾ.ആലപ്പുഴ താമരക്കുളം പഞ്ചായത്തിൽ വേടരപ്ളാവ് നല്ലവീട്ടിൽ പി.ഗോപാലക്കുറുപ്പിന്റെയും എൽ.പങ്കജാക്ഷിയുടെയും അഞ്ചു മക്കളിൽ രണ്ടാമനായ സുധാകരൻ സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സംഘടനാ രംഗത്ത് സജീവമായി. കെ.എസ്.എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1971-ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥ കാലത്ത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിദ്യാർത്ഥി ജാഥ നയിച്ച് അറസ്റ്റിലാവുകയും കൊടിയ പൊലീസ് മർദ്ദനത്തിനും ജയിൽ വാസത്തിനും വിധേയനാവുകയും ചെയ്തു. പന്തളം എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ജി.ഭുവനേശ്വരൻ അനുജനാണ്.1996-ൽ കായംകുളത്ത് കോൺഗ്രസിന്റെ ഉജ്വലനേതാവ് തച്ചടിപ്രഭാകരനെ തറപറ്റിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. 2001-ൽ ഇതേ മണ്ഡലത്തിൽ എം.എം.ഹസനോട് 1764 വോട്ടുകളുടെ തോൽവി. പക്ഷെ 2006-ൽ അമ്പലപ്പുഴയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.സുഗതനെ 11,929 വോട്ടുകൾക്ക് തോൽപ്പിച്ച സുധാകരൻ 2011 ലും 16 ലും മികവാർന്ന വിജയം ആവർത്തിച്ചു.


Source link

Related Articles

Back to top button