test del 2
ടോളടയ്ക്കണം, ബിറ്റ്കോയിനിൽ നൽകണം, അനുമതി ഇല്ലാതെ ഹോർമുസ് കടന്നാൽ കപ്പൽ തകർക്കും- ഇറാൻ

ടെഹ്റാൻ: തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്ന് ഇറാൻ. യു.എസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശം. കടലിടുക്ക് കടന്നുപോകാൻ ഇറാൻ നാവികസേനയുടെ അനുമതി വാങ്ങിയിരിക്കണമെന്നും സന്ദേശത്തിൽ പറയുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.’ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ നിങ്ങൾ ഇറാനിയൻ നാവികസേനയിൽനിന്ന് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തകർക്കപ്പെടും,’ എന്നാണ് റേഡിയോ സന്ദേശം.ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ട്. ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം ടോൾ നൽകണം. ഈ തുക ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. കപ്പലുകൾ തങ്ങളുടെ ചരക്ക് വിവരങ്ങൾ മുൻകൂട്ടി ഇ മെയിൽ ചെയ്യണമെന്നും എത്ര തുകയാണ് നൽകേണ്ടതെന്ന് അധികൃതർ അറിയിക്കുമെന്നും ഇറാൻ പെട്രോളിയം കയറ്റുമതി യൂണിയൻ വക്താവ് ഹമീദ് ഹൊസൈനി വ്യക്തമാക്കി.വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇപ്പോഴും യുദ്ധവിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്. മിക്ക കപ്പലുകളും സുരക്ഷിതമല്ലാത്തതിനാൽ യാത്ര തുടരാനാവാതെ കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്.
Source link


