‘ഞാൻ പർദ്ദയാണ് ഇട്ടിരിക്കുന്നത്, എന്നിട്ടാണ് അയാൾ ചെറ്റത്തരം ചെയ്തത്’; റെയിൽവെ സ്റ്റേഷനിൽ യുവതിക്ക് മോശം അനുഭവം

കുറ്റിപ്പുറം: റെയിൽവെ സ്റ്റേഷനിൽ നിന്ന് മദ്ധ്യവയസ്കനിൽ നിന്നുണ്ടായ മോശം അനുഭവം വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു. റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ നോക്കി സ്വയംഭോഗം നടത്തിയ മദ്ധ്യവയസ്കനെക്കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് യാസ്മിൻ എന്ന യുവതിക്ക് മോശം അനുഭവമുണ്ടായത്. സംഭവത്തിൽ യുവതി പരാതി നൽകിയെന്നാണ് വിവരം.രാത്രി ഒന്നരയോടെയാണ് ഈ സംഭവമെന്ന് യുവതി പറയുന്നു.’ഫ്രണ്ട് ക്യാമറയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് കാരണമുണ്ട്. നമ്മുടെ വസ്ത്രധാരണം കൊണ്ടാണ് ഇമ്മാതിരി തെണ്ടിത്തരം ആൾക്കാർ ചെയ്യുന്നതെന്ന് പറഞ്ഞ് സപ്പോൾട്ട് ചെയ്യാൻ കുറേ കലിപ്പന്മാർ ഇറങ്ങും. അവർക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്. ഞാൻ ഇപ്പോൾ ഇട്ടിരിക്കുന്നത് പർദ്ദയാണ്. ഒട്ടും എക്സ്പോസ്ഡ് അല്ലാത്ത പർദ്ദയാണ് എന്റെ വസ്ത്രം. ഈ വസ്ത്രത്തിന് മുമ്പിലാണ് ഇമ്മാതിരി ചെറ്റത്തരം അയാൾ ചെയ്യുന്നത്. തെളിവോട് കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്’- യുവതി പറഞ്ഞു. ശേഷമാണ് മദ്ധ്യവയസ്കൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ യുവതി പോസ്റ്റ് ചെയ്തത്.ഇയാൾക്ക് കുട്ടികളുണ്ടാകും കുടുംബമുണ്ടാകുമെന്ന് പറഞ്ഞ് ആരും വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് വരരുതെന്നും യുവതി കൂട്ടിച്ചേർത്തു. കുടുംബവും കുട്ടികളുമുണ്ടെന്ന ബോധ്യമുണ്ടെങ്കിൽ ആ ബോധത്തോടെ ജീവിക്കാൻ അയാൾ പഠിക്കണം. അതുകൊണ്ട് ഒരിക്കലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്നും യുവതി വ്യക്തമാക്കി. റെയിൽവെ പ്ലാറ്റ്ഫോമിലിരുന്നാണ് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. അതേസമയം, യുവതിയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. വീഡിയോ ഡിലീറ്റ് ചെയ്യേണ്ടെന്നും തീർച്ചയായും നിയമപരമായി നേരിടണമെന്നും ചിലർ കമന്റായി കുറിച്ചു.
Source link


