CINEMA

ജയിലിൽ മൊബൈലും ടിവിയുമൊക്കെയായി ആനന്ദിച്ച് തടവുകാർ, സുരക്ഷാവീഴ്ച; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


ബംഗളൂരു: ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയിയും ഉപയോഗിച്ചതിന് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തടവുകാർക്ക് ആഡംബര സൗകര്യങ്ങൾ നൽകി വീഴ്ച വരുത്തിയ മൂന്ന് ജയിൽ വാർഡൻമാരെയാണ് അധികൃതർ സസ്പെൻഡ് ചെയ്‌‌തത്. ശിവാനന്ദ് കരളഭട്ടി, നിരഞ്ജൻ എ കാമത്ത്, ഹനുമന്തപ്പ ഹഡപ്പദ് എന്നിവ‌‌ർക്കാണ് സസ്പെഷൻ ലഭിച്ചത്.
തടവുകാർ സുഗമമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ടിവിയിൽ നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടിയിലൂടെ സിനിമകൾ കാണുന്നതുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വീഡിയോയുടെ ഒരു ഭാഗത്ത് തടവുകാർ വരാനിരിക്കുന്ന ഐപിഎൽ മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതും കേൾക്കാം. ശുചിമുറിയിലെ പൈപ്പിനുള്ളിലാണ് മൊബൈൽ ഫോണുകൾ ഒളിപ്പിച്ചിരുന്നത്. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടര വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തടവുകാരാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പറയുന്നത്. സംഭവത്തിൽ ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. വീഡിയോയിൽ കണ്ട മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.


Source link

Back to top button