CINEMA

ചിത്രീകരണം ഈ മാസം , വൻ താരനിരയിൽ സൽമാൻഖാൻ ചിത്രം


സൽമാൻഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി ദേശീയ പുരസ്കാര ജേതാവ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനിൽകപൂർ, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവർ അണിനിരക്കും. അനിൽകപൂർ പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.തെലുങ്കിലെ പ്രമുഖ നിർമ്മാതാവ് ദിൽ രാജു, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ഇൗദ് റിലീസായാണ് പ്ളാൻ ചെയ്യുന്നത്. സൽമാൻ ഖാൻ- നയൻതാര ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഉള്ള ആക്ഷൻ സിനിമ ആയിരിക്കും എന്നാണ് സൂചന. മാതൃഭൂമിക്കുശേഷം സൽമാൻ അഭിനയിക്കുന്ന അടുത്ത പ്രോജക്ട് കൂടിയാണിത്. ഇതാദ്യമായാണ് വംശി പൈഡിപ്പള്ളി ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത്.വംശിയുടെ ആദ്യ ചിത്രമായ മുന്ന നിർമ്മിച്ചത് ദിൽ രാജു ആയിരുന്നു. പ്രഭാസ് ആയിരുന്നു നായകൻ. 2023 ൽ വിജയ് ചിത്രം വാരിസിന് ശേഷം വംശി സംവിധാനം ചെയ്യുന്ന ചിത്രം ആണ് സൽമാൻ ഖാൻ ചിത്രം.അതേസമയംമെഗാതാരങ്ങളുടെ ഭാഗ്യനായിക എന്ന വിളിപ്പേര് കൂടി ഇപ്പോൾ നയൻതാരയ്ക്ക് കൈവന്നു . ചിരഞ്ജീവിയോടൊപ്പം അഭിനയിച്ച മനശങ്കരവര പ്രസാദ ഗാരു ബ്ളോക്ബസ്റ്റർ വിജയം നേടിയത്.മാത്രമല്ല, ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും ബ്ളോക് ബസ്റ്ററായി മനശങ്കര വരപ്രസാദ് ഗാരു മാറുകയും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ നായികയായി ഗോപിചന്ദ് മലിന്നേനിയുടെ ചിത്രത്തിലും നയൻതാര ആണ് നായിക. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച നയൻതാര ഇത് രണ്ടാം തവണയാണ് ബി ടൗണിൽ . മലയാളത്തിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റ്, നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്ന ഡിയർ സ്റ്റുഡൻസ് എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. തമിഴിൽ മുക്കൂത്തി അമ്മൻ 2 ആണ് ഉടൻ പ്രേക്ഷകരിലേക്ക് എത്തുന്ന നയൻതാര ചിത്രം.കവിനും നയൻതാരയും നായകനും നായികയുമായി അഭിനയിക്കുന്ന ഹയ് എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്. യഷ് നായകനായ ടോക്സിക്ക് ആണ് മറ്റൊരു ചിത്രം.


Source link

Back to top button