ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ; ഇന്ന് 80 സർവീസുകൾ, യാത്രക്കാർക്ക് സൗജന്യ റീബുക്കിംഗ് സൗകര്യം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് യാത്രാ ദുരിതം പരിഹരിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ, മസ്കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരും. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒന്നും മുംബയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ എയർ ഇന്ത്യ നടത്തും.
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോ തടസപ്പെടുകയോ ചെയ്ത യാത്രക്കാർക്കായി എയർ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പണം നൽകാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാം, ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കാൻ അപേക്ഷിക്കാം, എയർ ഇന്ത്യ വെബ്സൈറ്റ് വഴി ഈ സേവനങ്ങൾ ലഭ്യമാണ്. യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാനും സാധിക്കും.അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെ നിലവിലെ സാഹചര്യം ബാധിക്കില്ലെന്നും അവ സാധാരണ നിലയിൽ തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രാക്ലേശം നേരിട്ട യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ വഴി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും, ഏറ്റവും പുതിയ വിവരങ്ങൾക്കായി കോൺടാക്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു.
Source link



