ഗൾഫിലെ സി.ബി.എസ്.ഇ 12-ാം ക്ളാസിൽ സ്കൂൾ തല പരീക്ഷാ മാർക്ക്

ന്യൂഡൽഹി: ഗൾഫിൽ യുദ്ധം മൂലം റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷകളുടെ മൂല്യനിർണയം സ്കൂൾ തലത്തിൽ നടത്തിയ പരീക്ഷകളെ അടിസ്ഥാനമാക്കി നിർണയിക്കും. റദ്ദാക്കപ്പെട്ട തിയറി പരീക്ഷകൾക്ക് മാത്രമാണ് ബാധകം. 10-ാം ക്ളാസ് പരീക്ഷയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.സ്കൂൾ തലത്തിൽ നടത്തിയ പാദവാർഷിക, അർദ്ധ വാർഷിക, പ്രീ ബോർഡ് പരീക്ഷകളുടെ മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുക. പരമാവധി 80, 70 മാർക്കുള്ള വിഷയങ്ങളിൽ സ്കൂൾ തലത്തിൽ നടത്തിയ മൂന്ന് പരീക്ഷകളിൽ ഏതിലാണോ കൂടുതൽ മാർക്ക് അത് പരിഗണിക്കും. പരമാവധി 60, 50, 30 മാർക്കുള്ള വിഷയങ്ങളിൽ പ്രീ ബോർഡ് പരീക്ഷകളിൽ അവസാനത്തേതിലെ മാർക്കെടുക്കും. അവസാന പ്രീ ബോർഡ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥിയുടെ തൊട്ട് മുൻപുള്ള പ്രീ ബോർഡ് പരീക്ഷാ മാർക്ക് പരിഗണിക്കും. ഗൾഫിലെ സ്കൂളുകൾ ഏപ്രിൽ ആറിനും 13നും ഇടയിൽ മാർക്കുകൾ സി.ബി.എസ്.ഇയ്ക്ക് ഓൺലൈനായി നൽകണം. ഒരിക്കൽ അപ്ലോഡ് ചെയ്തവ തിരുത്താനാകില്ല. ഫെബ്രുവരി 17 മുതൽ ഏപ്രിൽ നാലു വരെ നീണ്ടു നിൽക്കുന്ന 12-ാം ക്ളാസ് പരീക്ഷയുടെ മാർച്ച് 16ന് ശേഷമുള്ളവയാണ് യുദ്ധം മൂലം റദ്ദാക്കിയത്. ഫെബ്രുവരി 28വരെയുള്ള പരീക്ഷകൾ നടന്നു. വിദ്യാർത്ഥികൾ എഴുതിയ പരീക്ഷകളിൽ സാധാരണ മൂല്യനിർണയം നടത്തും. 28വരെ നടന്ന പരീക്ഷകൾ എഴുതാത്ത വിദ്യാർത്ഥികൾക്ക് ഇളവില്ല. സപ്ളിമെന്ററിയായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ നടന്നിട്ടില്ലെങ്കിൽ അവർക്ക് 2026 ജൂലായിൽ നടക്കുന്ന പരീക്ഷയിൽ അവസരം നൽകും.പ്രാക്ടിക്കൽ പരീക്ഷകൾ യുദ്ധത്തിന് മുൻപ് നടന്നതിനാൽ ഫലങ്ങൾ സ്കൂളുകളിൽ നിന്ന് സി.ബി.എസ്.ഇക്ക് ലഭിച്ചു കഴിഞ്ഞു. യു.എ.ഇ, സൗദി, ഒമാൻ, ബഹ്റിൻ, കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സി.ബി.എസ്.ഇയുടെ മൂല്യനിർണയം ബാധകമാവുക.
Source link


