test del 5 copy of del 3
കൽപറ്റ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ: ഉടമയ്ക്കെതിരെ സിപിഎം അനുകൂലികളുടെ സൈബർ ആക്രമണം

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മാതൃകാ ടൗൺഷിപ്പിൽ ലഭിച്ച വീട്ടിൽ വിള്ളലുണ്ടെന്നു പരാതിപ്പെട്ട ദുരന്തബാധിതനെതിരെ രൂക്ഷമായ സൈബർ ആക്രമണം.വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ.ടി.നൗഫലിനെതിരെയാണു സിപിഎം അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നത്. ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫൽ പറഞ്ഞു. കോൺഗ്രസിൽനിന്നു പണം വാങ്ങി നൗഫൽ നുണ പറയുകയാണെന്നാണു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. പോസ്റ്റുകളുടെ താഴെ നൗഫലിനെ അസഭ്യം പറയുന്നവരുമേറെ. ടൗൺഷിപ്പിലെ വീടു വേണ്ടെന്നു വച്ച് നൗഫൽ കോൺഗ്രസ് നൽകുന്ന വീട് സ്വീകരിക്കുകയാണു വേണ്ടതെന്നും ചിലർ കമന്റിടുന്നു. സൈബർ ആക്രമണത്തിനെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്നു നൗഫൽ പറഞ്ഞു.മാർച്ച് 1ന് മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിലാണു ടൗൺഷിപ്പിലെ പണി പൂർത്തിയായ വീടിന്റെ രേഖകൾ നൗഫലിനു കൈമാറിയത്. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഈ വീട്ടിലെ വിള്ളലും വെള്ളം കിനിഞ്ഞിറങ്ങുന്നതും പരിഹരിക്കാനായില്ല. നിർമാണത്തിലെ പോരായ്മകൾ പുറത്തെത്തിച്ചതോടെ നൗഫലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം നൗഫൽ മാധ്യമങ്ങളെ കണ്ടിരുന്നു. മന്ത്രി കെ. രാജനു കിളി പോയതുപോലെയാണു തോന്നുന്നതെന്നും വിള്ളലുള്ള ഭാഗത്തേക്കു മന്ത്രി പോയില്ലെന്നും നൗഫൽ പറഞ്ഞതാണ് ഇടതു സൈബർ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഇന്നലെ ടൗൺഷിപ്പിലെത്തിയ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, നൗഫലിനു കക്ഷി രാഷ്ട്രീയ താൽപര്യമുണ്ടെന്ന മട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തു.
Source link


