ക്ഷേത്രോത്സവത്തിനിടെ മർദ്ദനം വിദ്യാർത്ഥി വെന്റിലേറ്ററിൽ മർദ്ദിച്ചത് ആറംഗ സംഘം

കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറംഗസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. പുത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനത്തിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (18) വെന്റിലേറ്ററിൽ കഴിയുന്നത്. കഴിഞ്ഞ 2ന് പുലർച്ചെ ക്ഷേത്രത്തിലെ തങ്കഅങ്കി ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു സംഭവം. കുഞ്ഞമ്മയുടെ മകൾ അമിതയുടെ കുട്ടിയുടെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും അമിതയുടെ ഭർത്താവ് രാജേഷിന്റെ ഓട്ടോറിക്ഷയിൽ ഉത്സവത്തിന് എത്തിയത്. ഘോഷയാത്രയ്ക്കിടയിലുണ്ടായ തിരക്കിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ കേറിനിൽക്കുന്നത് എന്തിനാടാ എന്ന് ചോദിച്ച് അസഭ്യം പറഞ്ഞ് ആക്രമികൾ ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ജയകൃഷ്ണൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ അന്നദാനം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് ആറംഗസംഘം ജയകൃഷ്ണനെയും ഹരികൃഷ്ണനെയും സദ്യാലയത്തിന് സമീപത്തേക്ക് വിളിച്ചു. അവിടെയെത്തിയപ്പോൾ സംഘം ജയകൃഷ്ണനെ മാറ്റിനിറുത്തിയശേഷം ഹരികൃഷ്ണനെ ക്രൂരമായി മർദ്ദിച്ചു. തടികൊണ്ട് നിരവധി തവണ തലയ്ക്ക് ആഞ്ഞടിച്ചു.
Source link



