test del 3
കോൺഗ്രസ് അപകടകാരി, അധികാരം നേടാൻ എന്തും ചെയ്യും: അസമിലെ റാലിയിൽ മോദി

ദിസ്പുർ ∙ അസം ജനതയ്ക്ക് കോൺഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധേമാജിയിലെ ഗോഗാമുഖിൽ നടന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘2014ലെ തിരഞ്ഞെടുപ്പിനു മുൻപ്, തങ്ങളുടെ സ്ഥിരം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വർഗീയ കലാപ നിയമം കൊണ്ടുവരാൻ ശ്രമിച്ചു. കലാപങ്ങൾക്ക് ഉത്തരവാദികൾ ഭൂരിപക്ഷ സമുദായമാണെന്നും മതന്യൂനപക്ഷങ്ങൾ എപ്പോഴും ഇരകളാണെന്നും വരുത്തിത്തീർക്കുന്നതായിരുന്നു ആ ബില്ല്. അതുതന്നെ വർഗീയമായിരുന്നു. ബിജെപി-എൻഡിഎ സഖ്യം അതു പാസാക്കാൻ അനുവദിച്ചില്ല. ഇപ്പോൾ 12 വർഷത്തിനു ശേഷം അസം കോൺഗ്രസ് സമാനമായ നിയമം പ്രഖ്യാപിക്കുകയാണ്. അധികാരം നേടാൻ കോൺഗ്രസ് എന്തും ചെയ്യുമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്’– മോദി പറഞ്ഞു. ആറ് പതിറ്റാണ്ടിലെ കോൺഗ്രസ് ഭരണത്തിൽ അസമിനു ലഭിച്ചത് 6 മെഡിക്കൽ കോളജുകൾ മാത്രമാണ്. ഇപ്പോൾ സംസ്ഥാനത്ത് 14 എണ്ണമുണ്ട്. 10 എണ്ണത്തിന്റെ പണി നടക്കുന്നു. ബ്രഹ്മപുത്ര നദിക്കടിയിലൂടെ രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ റോഡും റെയിൽവേ ടണലും ഉടൻ യാഥാർഥ്യമാകും. വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. ഏകീകൃത സിവിൽ കോഡ്, ഗോത്ര ആചാരങ്ങളുടെ സംരക്ഷണം എന്നിവയിലൂടെ സ്ത്രീകളുടെ അന്തസും സുരക്ഷയും ഉറപ്പാക്കി’ – നരേന്ദ്ര മോദി പറഞ്ഞു.
Source link


