NATIIONAL
കോലിയും രോഹിത്തും കാര്യവട്ടത്തേക്ക്: ഏകദിന മത്സരത്തിന് വേദിയാകാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

തിരുവനന്തപുരം ∙ ക്രിക്കറ്റ് ആവേശം വീണ്ടും തലസ്ഥാനത്തേയ്ക്ക് എത്തുന്നു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ രാജ്യാന്തര ഏകദിന മത്സരം സംഘടിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനമാണ് കാര്യവട്ടം സ്റ്റേഡയത്തിൽ നടക്കുന്നത്. ഇതടക്കം ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ 2026-27 രാജ്യാന്തര ഹോം സീസണിലെ മത്സരക്രമങ്ങൾ ബിസിസിഐ പുറത്തുവിട്ടു. വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുക്കുന്ന വിവിധ ഫോർമാറ്റുകളിലുള്ള മത്സരങ്ങളാണ് വരാനിരിക്കുന്ന സീസണിൽ ഉൾപ്പെടുന്നത്. രാജ്യത്തെ 17 നഗരങ്ങളിലായി 22 രാജ്യാന്തര മത്സരങ്ങളാണ് നടക്കുക. 2026 സെപ്റ്റംബറിൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെ സീസൺ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഈ പര്യടനത്തിലുള്ളത്. ഡിസംബറിൽ ശ്രീലങ്കയുമായി മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20കളും അടങ്ങുന്ന പരമ്പര ഇന്ത്യ ആതിഥേയത്വം വഹിക്കും. ഏകദിന മത്സരങ്ങൾ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും, ട്വന്റി20 മത്സരങ്ങൾ രാജ്കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലും നടക്കും. പുതുവർഷത്തിന്റെ തുടക്കത്തിൽ, 2027 ജനുവരിയിൽ സിംബാബ്വെ മൂന്ന് ഏകദിന മത്സരങ്ങൾക്കായി ഇന്ത്യയിലെത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
Source link


