കേരളമനസിലേക്ക് മറിയ ഉമ്മൻ

13 ദിവസത്തിനിടെ പ്രചാരണം നടത്തിയത് 71 മണ്ഡലങ്ങളിൽ തിരുവനന്തപുരം: ആൾക്കൂട്ടത്തെ ആവേശമായി കണ്ട് ജനങ്ങൾക്കിടയിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പാതയിൽ മകൾ ഡോ.മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ദിവസത്തിനിടെ 71 മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനെത്തിയ അനുഭവം പങ്കുവച്ചാണ് ഫേസ്ബുക്ക് കുറിപ്പ്.
140 നിയോജകമണ്ഡലങ്ങളിലും പ്രചാരണ പ്രവർത്തനവുമായി അപ്പ നിറഞ്ഞു നിന്ന കാലം മനസിലുണ്ട്. ഊണില്ലാതെ,വിശ്രമമില്ലാതെ, രാപകൽ വ്യത്യാസമില്ലാതെ എങ്ങനെയാണ് അപ്പയ്ക്ക് ഇതെല്ലാം സാധിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. അപ്പ കൂടെയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായാതു കൊണ്ട് പലരും പ്രചാരണത്തിന് വിളിച്ചു. 13ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ 4470 കിലോമീറ്റർ റോഡ് വഴി യാത്ര ചെയ്തു. 71 അസംബ്ലി മണ്ഡലങ്ങളിൽ പ്രചാരണം നടത്തി,. വീടുകൾ കയറിയിറങ്ങി,കടകൾ കയറി,കുടുംബ യോഗങ്ങളിലും കവലകളിലും പ്രസംഗിച്ചു. റോഡ് ഷോകളിൽ പങ്കെടുത്തത് വലിയൊരു അനുഭവമായി.
എവിടെ പോയാലും അപ്പയോടുള്ള കേരള ജനതയുടെ അതിയായ സ്നേഹം എന്നെ വീർപ്പുമുട്ടിച്ചു. അവർ അപ്പയെ എത്ര മാത്രം ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാൻ കൂടുതലായി തിരിച്ചറിയുകയായിരുന്നു. ആ ജനസ്നേഹത്തിന്റെ നടുവിൽ വിശപ്പും ക്ഷീണവുമെല്ലാം മറന്നു. രാത്രി വൈകിയും ആവേശം കെടാതെ ജനങ്ങളുടെ ഇടയിൽ നിൽക്കുമ്പോഴും ക്ഷീണം ഒട്ടും തോന്നിയില്ല. ജനങ്ങളിൽ നിന്ന് ഊർജം വലിച്ചെടുക്കുന്നുവെന്ന് അപ്പ പറഞ്ഞതിന്റെ അർത്ഥം ഓരോ നിമിഷവും ഞാൻ അനുഭവിച്ചു.. നമ്മെ സ്നേഹിക്കുന്നവരുടെ മനസുകളിൽ നിന്ന് കിട്ടുന്ന പോസിറ്റീവ് എനർജിയാണ് അപ്പയെ എന്നും മുന്നോട്ടു നയിച്ചത്. ആ എനർജി ഞങ്ങൾക്കും പകർന്നു കിട്ടുമ്പോൾ, തളർന്നു പോകുന്നതെങ്ങനെ? ’- മറിയ കുറിച്ചു.
Source link


