കേരളം വിടുന്നു, ഭായിമാർ കൂട്ടത്തോടെ നാട്ടിലേക്ക് ; നിർമ്മാണ മേഖല ഉൾപ്പെടെ പ്രതിസന്ധിയിൽ

ലപ്പുറം: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ട് ചെയ്യാനും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയത് ജില്ലയിലെ തൊഴിൽ മേഖലയെ ബാധിക്കുന്നു. പൗരത്വ ഭേദഗതി വിഷയം ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ സ്വന്തം നാട്ടിൽ പോയി വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് എല്ലാവരും നാട്ടിൽ പോയിരിക്കുന്നത്. ജില്ലയിലെ രണ്ട് ലക്ഷത്തോളം അഥിതി തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്.
ജില്ലയിലെ ഭൂരിഭാഗം ഹോട്ടൽ, ബേക്കറി, ചെറുകിട വ്യവസായം, കാർഷികം, പൊതുമരാമത്ത് മേഖലകളിലെല്ലാം കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയുന്നത്. പാചക വാതക ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ച ഹോട്ടൽ മേഖലയ്ക്ക് ഇവരുടെ അഭാവം ഇരട്ടി പ്രഹരമായിരിക്കുകയാണ്.മാർച്ച് മാസം ആയതിനാൽ പൊതുമരാമത്തിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും നിർമ്മാണ ജോലികൾ സമയ ബന്ധിതമായി പൂർത്തീകരിക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലാണ്. പലയിടത്തും കെട്ടിട നിർമ്മാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. പല വ്യവസായങ്ങളുടെയും പ്രതിദിന ഉത്പാദനം പകുതിയായി കുറഞ്ഞു.വോട്ടർ പട്ടികളുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ ) നടപടികൾ അവസാന ഘട്ടത്തിലെത്തിയതും തിരികെ പോവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ പോകുന്നവരുടെ എണ്ണം വർദ്ധിക്കാനാണ് സാദ്ധ്യത. ഫെബ്രുവരി മുതൽ ഇവർ നാട്ടിൽപ്പോവാൻ തുടങ്ങിയിട്ടുണ്ട്.
Source link



