കിരീടം കിവി കൊത്തരുത് !

ഇന്ത്യ – ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ഫൈനൽ ഇന്ന് അഹമ്മദാബാദിൽ2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി-20 ലോകകപ്പിൽ കിരീടമുയർത്തിയ ഇന്ത്യൻ ടീം 17 വർഷത്തിന് ശേഷം 2024ൽ കരീബിയൻ മണ്ണിൽ നടന്ന ലോകകപ്പിലാണ് വീണ്ടും ചാമ്പ്യന്മാരായത്. അന്ന് കപ്പുയർത്തിയ രോഹിത് ശർമ്മയും കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച വിരാട് കൊഹ്ലിയും രവീന്ദ്ര ജഡേജയും ഇപ്പോൾ നീലക്കുപ്പായത്തിലില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ നിർണായക ക്യാച്ചെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഇപ്പോൾ നയിക്കുന്നത്. രണ്ടുവർഷം മുമ്പുള്ള ലോകകപ്പിൽ ഒറ്റമത്സരത്തിൽപ്പോലും കളിക്കാൻ കഴിയാതെ കരയ്ക്കിരുന്ന മലയാളി താരം സഞ്ജു സാംസണാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഒപ്പം മാച്ച് വിന്നർമാരായ ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,തിലക് വർമ്മ തുടങ്ങിയവരുമുണ്ട്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഇടയ്ക്കൊന്ന് മങ്ങിയതാണ് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശങ്കയുണർത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി നിരാെപ്പെടുത്തിയെങ്കിലും കിവീസിനെതിരെ കഴിഞ്ഞ പരമ്പരയിലെ വരുണിന്റെ പ്രകടനം കണക്കിലെടുത്ത് ഫൈനലിലും കളിപ്പിക്കാനാണ് സാദ്ധ്യത.ലോകകപ്പിന് മുമ്പ് ഇന്ത്യയിൽ നടന്ന അഞ്ച് ട്വന്റി-20കളുടെ പരമ്പരയിൽ നാലും തോറ്റവരാണ് ന്യൂസിലാൻഡ്. ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ എട്ട് റൗണ്ടിലും ഓരോ തോൽവികൾ.പാകിസ്ഥാൻ റൺറേറ്റിൽ പിന്നാക്കംപോയതിനാലാണ് സെമിയിലേക്ക് ടിക്കറ്റ് കിട്ടിയത്. എന്നാൽ സെമിയിൽ പുറത്തെടുത്തത് അതിഗംഭീരപ്രകടനമായിരുന്നു. ഗ്രൂപ്പ് ഡിയിൽ അഫ്ഗാനെതിരെ 5 വിക്കറ്റ് ജയത്തോടെയായിരുന്നു തുടക്കം. തുടർന്ന് യു.എ.ഇയെ കീഴടക്കിയത് 10 വിക്കറ്റിന്.
Source link



