test del 3
കാതടപ്പിക്കുന്ന ശബ്ദവും എൽഇഡി കളർ ലൈറ്റുകളും; തേജസിനെ കുത്തുന്നതും നിലവിളിയും ആരും ശ്രദ്ധിച്ചില്ല

കൊട്ടിയം ∙ ഫ്ലോട്ടിനു മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി സംഭവത്തിൽ അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത 2 പേർ അടക്കം 6 പ്രതികൾ. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. പ്രതികളെ 8 മണിക്കൂറിനുള്ളിൽ വെളിച്ചിക്കാലയിലെ വീട്ടിൽ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത 2 പേരും ഉൾപ്പെടെ 6 പേരെ ഞായർ പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത് (27), അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.ഒളിവിൽ പോയ പ്രതികൾക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്റെ വീട്ടിൽ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. ഇവർക്ക് അഭയം നൽകിയ അഖിലിനെയും അറസ്റ്റ് ചെയ്തു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ 2 പേർക്കു ജാമ്യം അനുവദിച്ചു. മറ്റ് 4 പ്രതികളെയും റിമാൻഡ് ചെയ്തു. വയലിൽ എറിഞ്ഞു കളഞ്ഞ കത്തി പ്രതി ആദിത്യനാണ് പൊലീസിനു കാട്ടിക്കൊടുത്തത്. പുനലൂർ നെല്ലിപ്പള്ളി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ വിദ്യാർഥിയാണ് തേജസ്. അമ്മ: സൗമ്യ, സഹോദരി: ലച്ചു.
Source link


