test del 2

കടൽ വഴിയും ആക്രമിച്ചു, പാകിസ്താനെ ഞെട്ടിച്ച് ബിഎൽഎ; 3 സൈനികർ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: ഇറാൻ അതിർത്തിക്കടുത്തുള്ള സമുദ്രമേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന പാകിസ്താൻ കോസ്റ്റ് ഗാർഡ് ബോട്ടിന് നേരെ ബലൂച് പോരാളികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാകിസ്താൻ-ഇറാൻ അതിർത്തിക്ക് അടുത്തുള്ള തീരപ്രദേശത്ത് പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ടിന് നേരെ വെടിവെപ്പുണ്ടായതും അതിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതും.പാകിസ്താനിൽ നിരോധിക്കപ്പെട്ട വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇത് തങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു പുതിയ ഘട്ടം ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കരയിലെ പ്രവർത്തനങ്ങൾക്കൊപ്പം സമുദ്ര അതിർത്തികളിലേക്ക് കൂടി തങ്ങളുടെ സൈനിക തന്ത്രം വ്യാപിപ്പിക്കുന്നത് ബിഎൽഎയുടെ പുതിയ നീക്കമാണെന്ന് ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ സേനയെയും അടിസ്ഥാന സൗകര്യങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും സായുധ ഗ്രൂപ്പുകൾ ആവർത്തിച്ച് ലക്ഷ്യമിടുന്ന ബലൂചിസ്ഥാനിലെ ദീർഘകാല കലാപങ്ങൾക്കിടയിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.ആക്രമണത്തിന് പിന്നാലെ തീരമേഖലയിൽ അധികൃതർ അന്വേഷണം ആരംഭിക്കുകയും സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ തുറമുഖ ജില്ലയായ ഗ്വാദറിന് സമീപമുള്ള തീരദേശ പട്ടണമായ ജിവാനിയിലാണ് സംഭവം നടന്നത്. മേഖലയിലെ പ്രധാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും സുരക്ഷാ സേനയെയും വിഘടനവാദികൾ ഇത്തരത്തിൽ ലക്ഷ്യം വെക്കാറുണ്ട്. ചൈനീസ് സഹകരണത്തോടെ നിർമിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായി തുടരുന്നു. ഇത്തരത്തിലുള്ള സമുദ്ര ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.വിഘടനവാദം, തീവ്രവാദം എന്നിവയോടൊപ്പം തന്നെ വിഭാഗീയ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള സമാന്തര സുരക്ഷാ വെല്ലുവിളികളും ബലൂചിസ്ഥാൻ നേരിടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ക്വറ്റയിൽ ഹസാര സമുദായത്തിൽപ്പെട്ട രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ പച്ചക്കറി വ്യാപാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.


Source link

Back to top button