ഒമാനിൽ ഡ്രോൺ തകർന്നുവീണു; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഇറാനെതിരായുള്ള യുഎസ് – ഇസ്രയേൽ ആക്രമണം രൂക്ഷമാകവേ ഡ്രോൺ തകർന്നുവീണ് ഒമാനിൽ രണ്ട് പ്രവാസികൾ മരിച്ചു. സൊഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു ഡ്രോൺ തകർന്നുവീണെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങൾ ശമനമില്ലാതെ തുടരുകയാണ്. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈത്ത്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടെത്തി. ഒമാനിലെ മിന അൽ ഫഹൽ എണ്ണ ടെർമിനലിലെ കപ്പലുകളെ സുരക്ഷാ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. യു.എ.ഇയിലെ ജബേൽ അലിക്ക് വടക്ക് ‘സോഴ്സ് ബ്ലെസ്സിംഗ്” എന്ന ചൈനീസ് ചരക്കുകപ്പലിന് നേരെയും മിസൈലാക്രമണമുണ്ടായി. ഖത്തറിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ.യുദ്ധം ജയിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം മുഴക്കവേ, അമേരിക്കൻ എണ്ണ ടാങ്കർ അടക്കം മൂന്ന് കപ്പലുകൾ കത്തിച്ചാണ് ഇറാൻ തിരിച്ചടിച്ചത്. ആക്രമണം തുടരുമെന്നും ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നുമാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി പ്രഖ്യാപിച്ചിരിക്കുന്നത്. കപ്പലുകൾക്ക് അകമ്പടി നൽകുമെന്ന നിലപാടിൽ നിന്ന് യു.എസ് പിൻമാറുകയും ചെയ്തു.
Source link


