ഒടുവിൽ തീരുമാനമെടുത്ത് കോൺഗ്രസ്; കെ സുധാകരന് സീറ്റില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് ഹെെക്കമാൻഡ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് കോൺഗ്രസ്. മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എം പിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹെെക്കമാൻഡ് തീരുമാനിച്ചുവെന്നാണ് വിവരം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കടുത്ത നിലപാടെടുത്തതോടെയാണ് തീരുമാനമായത്.പെരുമ്പാവൂർ ഉൾപ്പടെയുള്ള ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹെെക്കമാൻഡിന് വിട്ടു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15നാണ് അവസാനിച്ചത്. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാർക്ക് മാത്രമായി ഇളവ് അനുവദിക്കാനാകില്ല എന്ന തീരുമാനമാണ് ഖാര്‍ഗെയ്ക്കുള്ളത്. ഈ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധിക്കും. കേരളത്തിലെ സ്ഥിതികള്‍ നേതാക്കള്‍ വിശദീകരിച്ചിരുന്നു.കോൺഗ്രസിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കണ്ണൂർ പെട്ടിരുന്നില്ല. കണ്ണൂർ നിയമസഭാ മണ്ഡലം യുഡിഎഫിന് ചരിത്രപരമായി മേൽക്കെയുള്ളതാണ്. കഴിഞ്ഞ രണ്ടുതവണയും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണ് മണ്ഡലം നഷ്ടപ്പെടുത്തിയത്. ഇത്തവണയും സ്ഥിതി ആവർത്തിക്കുമോ എന്നതാണ് അണികളുടെ ആശങ്ക.
Source link



