NATIIONAL
‘ഐപിഎൽ കളിക്കാൻ വിട്ടില്ലെങ്കിൽ വിരമിക്കും’: ശ്രീലങ്കൻ ബോർഡിനെതിരെ കോടതിയെ സമീപിച്ച് ആർസിബി പേസർ

കൊളംബോ ∙ ഐപിഎൽ കളിക്കാൻ അനുമതി നൽകാത്തതിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ശ്രീലങ്കൻ പേസർ നുവാൻ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എൽസി) ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ. ഐപിഎൽ കളിക്കാൻ നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ ബോർഡിന് ഉത്തരവ് നൽകണണമെന്ന് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. എൻഒസി നൽകിയില്ലെങ്കിൽ ബോർഡുമായുള്ള സെൻട്രൽ കോൺട്രാക്ട് (കേന്ദ്ര കരാർ) പുതുക്കാൻ താൽപര്യമില്ലെന്നും തുഷാര എസ്എൽസിയെ അറിയിച്ചതായാണ് റിപ്പോർട്ട്. നിശ്ചിത ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് തുഷാരയ്ക്ക് നൽകാത്തതെന്നാണ് എസ്എൽസി പറയുന്നത്. തന്റെ കരിയറിലുടനീളം ഫിറ്റ്നസ് നിലവാരം ഒരേപോലെയായിരുന്നെന്നും മുൻകാലങ്ങളിൽ അത് എൻഒസി ലഭിക്കുന്നതിന് തടസ്സമായിട്ടില്ലെന്നും തുഷാര വാദിക്കുന്നു. എൻഒസി ലഭിക്കാത്തത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ, എൻഒസി നൽകാതിരിക്കാനുള്ള തീരുമാനം അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. 2025ൽ 1.6 കോടി രൂപയ്ക്കാണ് നുവാൻ തുഷാരയെ ആർസിബി വാങ്ങിയത്. ആർസിബി ഐപിഎൽ കിരീടം നേടിയ ആ സീസണിൽ താരം ഒരു മത്സരം കളിച്ചിരുന്നു.
Source link


