എസ്.എൻ.ഡി.പി യോഗം പ്രസിഡന്റും ദേവസ്വം സെക്രട്ടറിയും അപ്പീൽനൽകി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ ഉത്തരവിനെതിരെ പ്രസിഡന്റ് ഡോ. എം.എൻ. സോമനും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും ഹൈക്കോടതിയിൽ അപ്പീൽനൽകി. മാർച്ച് 12ലെ സിംഗിൾബെഞ്ച് ഉത്തരവിനെതിരെയാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. നേരത്തെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും സമർപ്പിച്ച അപ്പീലിൽ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് സ്റ്റേചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭാരവാഹികൾ പദവിയിൽ തുടരുകയാണ്. എല്ലാ അപ്പീലുകളിലും ജൂൺ ഒന്നിന് ഒരുമിച്ച് വാദംകേൾക്കും. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്.കമ്പനി നിയമപ്രകാരം യോഗത്തിന്റെ വരവുചെലവു കണക്കുകൾ തുടർച്ചയായ വർഷങ്ങളിൽ സമർപ്പിച്ചിട്ടില്ലെന്നും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ‘ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറി”ല്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ഇവരെ അയോഗ്യരാക്കിയത്. എന്നാൽ 10 വർഷക്കാലം യോഗത്തിന്റെ രേഖകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിലായതിനാലാണ് കണക്കുകൾ സമർപ്പിക്കാൻ വൈകിയതെന്ന രജിസ്ട്രേഷൻ ഐ.ജിയുടെ റിപ്പോർട്ട് ഡിവിഷൻബെഞ്ച് കണക്കിലെടുത്തു. കേരള സർക്കാരിന് ‘ഡിൻ” നൽകാൻ സംവിധാനമില്ലെന്ന വാദവും പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് സ്റ്റേഅനുവദിച്ചത്. തുടർനടപടികൾ കേസിലെ അന്തിമതീർപ്പിന് വിധേയമായിരിക്കും.
Source link


