LATEST

‘എല്ലാ  മുന്നണികളും  പിന്നാക്കക്കാരെ  അവഗണിക്കുന്നു’; പരിഗണിക്കുന്നത് തോൽക്കുന്ന മണ്ഡലങ്ങളിലെന്ന് സ്വാമി  സച്ചിദാനന്ദ


തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികൾക്കെതിരെ വിമർശനവുമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുന്ന മണ്ഡലങ്ങൾ കോൺഗ്രസ് പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ല. ശ്രീനാരായണ സമൂഹത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമാണുള്ളത്. എല്ലാ മുന്നണികളും പിന്നാക്കക്കാരെ അവഗണിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.തോൽക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് പരിഗണിക്കുന്നത്. എല്ലാ പിന്നാക്കക്കാർക്കും മതിയായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എൽഡിഎഫിൽ ഒരു സമുദായത്തിൽപ്പെട്ട പത്ത് മന്ത്രിമാരാണുള്ളത്. എന്നാൽ പിന്നാക്ക സമുദായക്കാർക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലത്ത് ഇതായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പിന്നാക്ക സമുദായങ്ങൾക്ക് വിജയ സാദ്ധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്കാണ് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാർക്ക് അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ശിവഗിരി സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിവേദനം നൽകിയിരുന്നു. ശിവഗിരി മഠത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകുകയും ചെയ്തു. പിന്നാക്ക സമുദായ സ്ഥാനാർത്ഥികളെ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് ശിവഗിരി മഠം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button