test del 2
‘ഈ യാത്ര ഗംഭീരമായി, അടുത്തത് ചൊവ്വ’; ആർട്ടെമിസ് 2 ദൗത്യാംഗങ്ങളെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 05:37-ഓടെയാണ് ദൗത്യാംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെ ട്രംപ് ദൗത്യാംഗങ്ങളെ അഭിനന്ദിച്ചത്.’ആർട്ടെമിസ് 2-ലെ കഴിവുറ്റതും മികച്ചതുമായ സംഘത്തിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ഗംഭീരമായിരുന്നു. മികച്ച ലാൻഡിങ്ങായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയിൽ ദൗത്യത്തിന്റെ വിജയത്തിൽ ഏറെ അഭിമാനിക്കുന്നു.’ -ഡൊണാൾഡ് ട്രംപ് കുറിച്ചു.’നിങ്ങൾ എല്ലാവരേയും ഉടൻ തന്നെ വൈറ്റ് ഹൗസിൽകാണാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ഇത് വീണ്ടും ചെയ്യും. അടുത്തത് ചൊവ്വയാണ്.’ -ട്രംപ് തുടർന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര വിജയകരമയി പൂർത്തിയാക്കിയത്. ശാന്തസമുദ്രത്തിലിറങ്ങിയ നാൽവർ സംഘത്തെ യുഎസ് നാവികസേനയുടെ കപ്പലിലേക്ക് മാറ്റി. ഇനി ഇവരെ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയരാക്കും.ആർട്ടെമിസ് 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ 13 ദൗത്യത്തിന്റെ ദൂരപരിധി മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (252,756 മൈൽ) സഞ്ചരിച്ച മനുഷ്യർ എന്ന ലോകറെക്കോർഡ് ഇവർ സ്വന്തമാക്കി. ചന്ദ്രന്റെ ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത വിദൂര വശങ്ങൾ കാണാനും ബഹിരാകാശത്ത് നിന്നുള്ള പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാനും ഈ സംഘത്തിന് കഴിഞ്ഞു. യാത്രയ്ക്കിടയിൽ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് തങ്ങളുടെ പേടകത്തിന്റെയും വൈസ്മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാൻ ഇവർ അനുമതി തേടിയത് ഹൃദയസ്പർശിയായ നിമിഷമായി.
Source link


