LATEST

ഈ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ പ്രവാസികളുടെ വോട്ട് കിട്ടില്ലേ? കടുത്ത ആശങ്കയിൽ മുന്നണികൾ


മലപ്പുറം: പ്രവാസി വോട്ടർമാർ കൂടുതലുള്ള മലപ്പുറം ജില്ലയിൽ മുന്നണികളുടെ നെഞ്ചിൽ തീയാണ്. പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തുമോ എന്ന ആശങ്കയിലാണിവർ. ജില്ലയിൽ 41,962 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ 37,055 പേർ പുരുഷന്മാരും 4,906 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമാണുള്ളത്. ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിലെല്ലാം മുന്നണികൾക്ക് പ്രവാസി വോട്ടുകൾ നിർണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിച്ചിരുന്നെങ്കിലും ഇത്തവണ അനുകൂല സാഹചര്യമല്ല. ചെറിയ പെരുന്നാളും വിഷുവും മദ്ധ്യ വേനലവധിയുമെല്ലാം കണക്കിലെടുത്ത് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് വരാൻ പദ്ധയിട്ടിരുന്നെങ്കിലും പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ സ്ഥിതി അനുകൂലമായില്ല. മാത്രമല്ല, വിമാനങ്ങളുടെ കുറവും വർദ്ധിച്ച ടിക്കറ്റ് നിരക്കും സ്ഥിതി ഗുരുതരമാക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് രണ്ടിരട്ടിമുൻവർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്ത് വോട്ടിനോട് അനുബന്ധിച്ച് നാട്ടിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രവാസികൾ ഏറെയായിരുന്നു. എന്നാൽ, നിലവിൽ നാട്ടിലെത്തണമെങ്കിൽ കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യമെല്ലാം ടിക്കറ്റിനായി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. രണ്ടിരട്ടിയിലധികമാണ് വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം നീട്ടിയതും സി.ബി.എസ്.സി പത്ത്,​ പ്ലസ്ടു പരീക്ഷകൾ അനിശ്ചിതമായി നീട്ടിവച്ചതും കാരണം പലർക്കും നാട്ടിലെത്തണമെന്നുണ്ട്. ടിക്കറ്റ് നിരക്കും വിമാന സർവീസുകളുടെ കുറവുമാണ് പ്രധാന വെല്ലുവിളി.
കരിപ്പൂർ വിമാനത്താവളത്തിലെ 35 ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ 12 എണ്ണം പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. ഇവ എന്നു മുതൽ പുനരാരംഭിക്കുമെന്നോ എപ്പോൾ വിമാന നിരക്ക് കുറയുമെന്നതോ വ്യക്തമല്ല.


Source link

Back to top button