ഇന്ത്യൻ അതിർത്തി കാക്കാൻ ഇനിമുതൽ പാമ്പും മുതലയും; വേറിട്ട പരീക്ഷണവുമായി രാജ്യം?

ന്യൂഡൽഹി: ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലെ നദീതീരങ്ങളും ചതുപ്പുനിലങ്ങളും കേന്ദ്രീകരിച്ചുള്ള നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും പ്രതിരോധ മാർഗങ്ങളായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സാധാരണ നിലയിൽ അതിർത്തി വേലികൾ നിർമ്മിക്കാൻ സാധിക്കാത്ത ദുർഘടമായ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നതെന്നാണ് വിവരം. 4,096 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ ഏകദേശം 175 കിലോമീറ്റർ നദീതീരവും ചതുപ്പുനിലവും ഉൾപ്പെടുന്നു. ഭൗതികമായ തടസങ്ങൾ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക എന്നത് ഇവിടെ പ്രയോഗികമല്ലാത്തതിനാലാണ് ഇത്തരമൊരു മാർഗത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഈ പദ്ധതികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പദ്ധതികളുടെ ചർച്ചകൾ ആദ്യഘട്ടത്തിലാണെന്നും നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, അത്യാധുനിക സാങ്കേതിക വിദ്യകളായ ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിലെ നിരീക്ഷണം ബിഎസ്എഫ് ശക്തമാക്കുന്നുണ്ട്. കിഴക്കൻ അതിർത്തിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമാണിത്. ഈ വർഷം ജനുവരിയിൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിഎസ്എഫ് സെെനികർ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ ബിസ്കറ്റുകൾ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Source link


