test del 2

‘ഇതാണ് ചർച്ചയുടെ 99%’; ഇസ്ലാമാബാദിൽ ലോകം ഉറ്റുനോക്കുന്ന ചർച്ച; സംഘർഷത്തിന് ശാശ്വതപരിഹാരമാകുമോ?


ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുന്നു. ചൊവ്വാഴ്ച മുതൽ നിലവിൽവന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ നേരിട്ടുള്ള ചർച്ചകൾക്കായി എത്തുന്നത്. ലോക സാമ്പത്തിക വ്യവസ്ഥയെയും പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും ബാധിക്കുന്ന ഈ ചർച്ചകളെ അതീവ താല്പര്യത്തോടെയാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.ഇറാനുമായുള്ള ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ല എന്ന ഉറപ്പാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നും ചർച്ചയുടെ 99 ശതമാനവും ഈ ഒറ്റക്കാര്യത്തിലാണെന്നും അമേരിക്കയിൽനിന്ന് സംഘം പുറപ്പെടുന്നതിന് മുൻപ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു കൊടുക്കണമെന്നതും അമേരിക്കയുടെ പ്രധാന നിബന്ധനയാണ്.യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പാകിസ്താനിലെത്തിയിരിക്കുന്നത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരദ് കുഷ്നർ എന്നിവരും ഈ സംഘത്തിലുണ്ട്. ചർച്ചകളെക്കുറിച്ച് വാൻസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ ചർച്ചാസംഘം അതിനോട് ഒട്ടും അനുകൂലമായി പ്രതികരിക്കില്ല എന്ന കർശന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ, മുൻപത്തെ അനുഭവങ്ങൾ വെച്ച് അമേരിക്കയെ വിശ്വസിക്കാൻ പ്രയാസമാണെന്നാണ് വെള്ളിയാഴ്ച പാകിസ്താനിലെത്തിയ ഗാലിബാഫ് പ്രതികരിച്ചത്. ചർച്ചകൾ ആരംഭിക്കണമെങ്കിൽ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മരവിപ്പിച്ച ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ മുൻകൂർ ആവശ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്.


Source link

Back to top button