LATEST

ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: തെളിവില്ല; കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം


കണ്ണൂർ: ആരോഗ്യ മന്ത്രി വീണാജോർജിനെ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കൾക്കെതിരെ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി. അഞ്ച് കെ.എസ്.യു നേതാക്കൾക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിദുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ജാമ്യം അനുവദിച്ചത്. ഇവർ കഴിഞ്ഞ മാസം 25 മുതൽ റിമാൻഡിലായിരുന്നു.കേസിൽ മന്ത്രിയെ ശാരീരികമായി ആക്രമിച്ചതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പൊലീസിനായില്ല. കെ.എസ്.യു പ്രവർത്തകരുടെ കൈയിൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും ആയുധമുണ്ടായിരുന്നില്ലെന്നുമുള്ള കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ പൊലീസുകാരുടെ മൊഴിയും നിർണായകമായി. നടന്നത് ഉന്തും തള്ളും മാത്രമെന്നുള്ള എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ പ്രകാശ്, സി.പി.ഒ അഖിൽ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തത് അസ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. സംഭവ സ്ഥലത്തു വച്ചുതന്നെ പ്രതികളെ പിടികൂടിയിട്ടും വധിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താൻ കഴിയായത്തതെന്തേയെന്നും കോടതി ചോദിച്ചു. നേരത്തേ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


Source link

Related Articles

Back to top button