test del 5 copy of del 3
ആനക്കട ഹോട്ടലിനു പൂട്ടുവീഴുന്നു; രുചിയുടെ തലയെടുപ്പ് ഇനി ഓർമകളിലേക്ക്

ചേർപ്പ് ∙ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട തിരുവുള്ളക്കാവിലെ ‘ആനക്കട’ എന്ന ഹോട്ടൽ ഇനി രുചിയുള്ള ഓർമ. ഇന്നലത്തെ കച്ചവടം കഴിഞ്ഞതിനു ശേഷം 53 വർഷത്തെ പാരമ്പര്യമുള്ള പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. മലയാളി പണിക്കാരെ കിട്ടുവാനുള്ള ബുദ്ധിമുട്ടും ഇനി ഉത്സവങ്ങളും ആനകളെയും കണ്ട് സ്വതന്ത്രമായി നടക്കണം എന്ന ചിന്തയും കൂടിയായപ്പോഴാണ് ഹോട്ടൽ നിർത്തുവാൻ തീരുമാനമെടുത്തതെന്ന് ഹോട്ടൽ നടത്തുന്ന രാജു പറയുന്നു.ഇവിടത്തെ നീട്ടിപ്പരത്തിയ ദോശയിൽ ചട്നിയോ കടയിലെ സ്പെഷ്യൽ ഉള്ളി അരിഞ്ഞിട്ട് ചെറിയ മധുരമുള്ള സാമ്പാറോ ഒഴിച്ചാൽ ദോശ തനിയെ അലിഞ്ഞു പോകും. അത്രയ്ക്കും മൃദുലവും രുചികരവും ആയിരുന്നു ദോശ. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ തിരുവുള്ളക്കാവിൽ ഇവരുടെ വീടിനോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടൽ പക്ഷേ, 300 കിലോമീറ്റർ അപ്പുറം വരെ പ്രസിദ്ധമാണ്.വർഷങ്ങൾക്കു മുൻപ് ചരിഞ്ഞ തിരുവുള്ളക്കാവ് ദേവസ്വത്തിന്റെ മണികണ്ഠൻ എന്ന കൊമ്പൻ ഈ വഴി കടന്നു പോകുമ്പോൾ ആരും പറയാതെതന്നെ ഹോട്ടലിന് മുന്നിലെത്തിയാൽ അവിടെ നിൽക്കും. പിന്നെ തുമ്പിക്കൈ ഹോട്ടലിനുള്ളിലേക്ക് നീണ്ടു വരും. രാജു തുമ്പിക്കൈയിൽ ദോശയോ അപ്പമോ വച്ചു നൽകിയില്ലെങ്കിൽ മണികണ്ഠൻ പിണങ്ങുമെന്നുറപ്പാണ്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രശസ്തരും ആനക്കടയിലെ ഭക്ഷണത്തിന്റെ ഇഷ്ടക്കാരായിരുന്നു.
Source link


