test del 3
‘അവർ എന്റെ സുഹൃത്തുക്കൾ, അതൊന്നും ആന കാര്യമല്ല, ആദ്യ ലക്ഷ്യം കോസ്റ്റൽ ആശുപത്രി’

തിരുവനന്തപുരം ∙ 2021ൽ പരാജയപ്പെട്ടതു കൊണ്ട് യുഡിഎഫിനെ സംബന്ധിച്ച് തോൽക്കുന്ന മണ്ഡലമല്ല തിരുവനന്തപുരമെന്ന് യുഡിഎഫ് സ്ഥാനാർഥിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ. മനോരമ ഓൺലൈനു നൽകിയ തിരഞ്ഞെടുപ്പ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. ശിവകുമാറുമായോ കോൺഗ്രസിലെ ഒരു നേതാവുമായോ തർക്കമില്ല. ശരത്ചന്ദ്ര പ്രസാദും ശിവകുമാറും ഉന്നത നേതാക്കളാണ്. അവരുമായി സൗഹൃദം മാത്രമേയുള്ളൂ. വ്യക്തിപരമായി തന്റെ അടുത്ത സുഹൃത്തുക്കളാണ് അവരെന്നും തിരുവനന്തപുരം സീറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി സി.പി. ജോൺ പറഞ്ഞു.തലസ്ഥാന നഗരമെന്ന നിലയിൽ തിരുവനന്തപുരം വേണ്ടത്ര വളർന്നിട്ടില്ല. തീരദേശത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ വളരെ വലുതാണ്. ഭരിക്കുന്ന സർക്കാർ അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കോസ്റ്റൽ ആശുപത്രിയാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. മഴക്കാറു കണ്ടാൽ വെള്ളപ്പൊക്കം വരുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. അത് മാറ്റിയെടുക്കാനുള്ള കാര്യങ്ങൾക്ക് മുൻതൂക്കം നൽകും. ചാലയിലെ ചെറുകിട വ്യാപാരം പ്രതിസന്ധിയിലാണ്, അതിനും പരിഹാരം കണ്ടെത്തും.കേരളത്തിൽ ആർക്കും ഇല്ലാത്ത പ്രവർത്തനശൈലിയാണ് എം.വി. രാഘവന്റേത്. ഒരു മണ്ഡലത്തിൽ മത്സരിച്ചാൽ അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കും. അങ്ങനെയാണ് 2006ൽ തിരുവനന്തപുരം വെസ്റ്റ് ഒഴിഞ്ഞത്. സിഎംപിയ്ക്ക് കേരളത്തിലൊട്ടാകെ പ്രവർത്തകരുണ്ട്. സിഎംപിയ്ക്ക് ഒരു സിസ്റ്റം ഉണ്ടാക്കിയ ശേഷമാണ് എം.വി. രാഘവൻ പോയത്. തിരഞ്ഞെടുപ്പ് ചെലവിനെപ്പറ്റിയും പാർട്ടി കോൺഗ്രസിന്റെ ചെലവിനെപ്പറ്റിയുമൊക്കെ ഓരോരുത്തരും എന്നോട് അത്ഭുതത്തോടെ ചോദിക്കാറുണ്ട്. നല്ലൊരു കേഡർ സംവിധാനമുണ്ടെങ്കിൽ ഇതൊന്നും ആന കാര്യമല്ല. ഞങ്ങൾ യുഡിഎഫിൽ നിന്നു എന്നതിനെക്കാൾ യുഡിഎഫ് ഞങ്ങളെ ഉൾക്കൊണ്ടു. ഇത് ഞങ്ങളുടെ മുന്നണിയാണ്. ഇതുവിട്ട് ഞങ്ങൾ എങ്ങോട്ട് പോകാനാണ്. ലീഗ് കഴിഞ്ഞാൽ ഏറ്റവുമധികം കാലം തുടർച്ചയായി ഈ മുന്നണിയിലുള്ള കക്ഷി സിഎംപിയാണ്.
Source link


