അമേരിക്കയിൽ ജൂത ദേവാലയത്തിനുനേരെ ആക്രമണം; കെട്ടിടത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി

വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിനുനേരെ ആക്രമണം നടത്തിയയാളെ വെടിവച്ചുകൊന്നു. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിയെ കൊലപ്പെടുത്തിയത്. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഒഫ് ഇസ്രയേൽ സിനഗോഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കില്ല. 12,000 അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികളുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യംവച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചു.ദേവാലയത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. അക്രമണത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തത് ഈയാളുടെ പേരിലാണ്. ആക്രമിയുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. വാഹനം ഇടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിശോധനയിൽ അക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
Source link



