അട്ടപ്പള്ളം ആൾക്കൂട്ടക്കൊല: 8 പ്രതികളുടെ ജാമ്യം റദ്ദാക്കി

കൊച്ചി: പാലക്കാട് അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊലയിൽ അറസ്റ്റിലായ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇവർ മൂന്നു ദിവസത്തിനകം കോടതിയിൽ കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. ബംഗ്ലാദേശിയെന്ന് ആരോപിച്ച് ജാർഖണ്ഡ് സ്വദേശി രാംനാരായൺ ഭാഗേലിനെ മർദ്ദിച്ചുകൊന്ന കേസിലെ പ്രതികളും അട്ടപ്പള്ളം സ്വദേശികളുമായ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ്കുമാർ, പ്രസാദ്, മുരളി, വിപിൻ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന പാലക്കാട് പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്.കീഴടങ്ങുന്ന പക്ഷം പ്രതികൾക്ക് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാം. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിച്ചുവേണം വിചാരണക്കോടതി ഇതിൽ തീരുമാനമെടുക്കാനെന്നും ഉത്തരവിൽ വ്യക്തമാക്കി. സർക്കാരിനായി പബ്ലിക് പ്രോസിക്യൂട്ടർ വിപിൻ നാരായണൻ ഹാജരായി.
Source link



