‘അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല, വാഹനത്തിന് പെട്രോളടിക്കാൻ 500 രൂപ കൊടുത്തു’

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സന്യാസികൾ തിരുവനന്തപുരത്ത് വന്നതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അഘോരികളെ താൻ കൊണ്ടുവന്നതല്ല. ഉത്തർപ്രദേശിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് യാത്ര പോയ അവർ യാത്രാമദ്ധ്യേ തങ്ങളുടെ കുടുംബയോഗത്തിലെത്തി ബിജെപി സ്ഥാനാർത്ഥിയാണോ എന്നുചോദിച്ച് അടുത്തുവരികയായിരുന്നു. അവരുടെ വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ കാശ് ചോദിച്ചുപ്പോൾ 500 രൂപ കൊടുത്തുവെന്നുമാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. അഘോരികൾ തലസ്ഥാനത്തെത്തിയതിൽ പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു.തലസ്ഥാനത്തെത്തിയ അഘോരി സന്യാസി സംഘം ബിജെപി ജില്ലാ ഓഫീസ് സന്ദർശിക്കുകയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണ് സംഘത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കിടെ തിരുവനന്തപുരത്തെത്തിയപ്പോൾ രാജീവ് ചന്ദ്രശേഖറെ കാണാൻ ആഗ്രഹം അറിയിച്ചെന്നും തുടർന്ന് സമ്മതം മൂളുകയായിരുന്നുവെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.കാശിയിൽ നിന്നാണ് വരുന്നതെന്നും ബിജെപി എംഎൽഎമാരെക്കണ്ട് ആശീർവദിക്കാൻ എത്തിയതാണെന്നുമായിരുന്നു സന്യാസിമാർ പറഞ്ഞത്. കേരളത്തിൽ ബിജെപിക്ക് എംഎൽഎമാർ ഇല്ലെന്ന് പറഞ്ഞപ്പോൾ ഇത്തവണ ഉറപ്പായും ബിജെപി ജയിക്കുമെന്നായിരുന്നു മറുപടി. തുടർന്ന് സംഘം രാജീവ് ചന്ദ്രശേഖർ പ്രചാരണം നടത്തുകയായിരുന്ന നെടുങ്കാടെത്തി അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ചുറ്റുമുണ്ടായിരുന്നവരും അഘോരിയുടെ അനുഗ്രഹം തേടിയിരുന്നു.
Source link


