LATEST

മോഷ്ടിച്ച 3 ലക്ഷം രൂപയുടെ ഫോണുകളുമായി അസാം സ്വദേശി അറസ്റ്റിൽ

കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയെന്ന വ്യാജേന പെരുമ്പാവൂരിൽ താമസിച്ച് ട്രെയിനുകളിലും വാഹനങ്ങളിലും നി​ന്ന് മൊബൈൽഫോൺ മോഷ്ടിച്ചിരുന്ന അസാം സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. അസാം മോറിഗോൺ സ്വദേശി എ. അനമുൽ ഹഖാണ് (28) എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. പലരിൽനിന്ന് കവർന്ന മൂന്നുലക്ഷംരൂപയുടെ മൊബൈൽഫോണുകൾ സഹിതമാണ് കസ്റ്റഡിയിലെടുത്തത്.

മംഗള ലക്ഷദ്വീപ് എക്സ്‌പ്രസിലെ എയർകണ്ടീഷൻഡ് കോച്ചിൽ സഞ്ചരിച്ച കാസർകോ‌ട് തെക്കിൽ അലാംകുളം മീത്തൽവീട്ടിൽ കെ.ഇ. നന്ദഗോപാലിന്റെ ഐ ഫോൺ മോഷണംപോയ കേസിന്റെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ 28ന് പുലർച്ചെ തൃശൂരിനും എറണാകുളത്തിനുമിടെയായിരുന്നു മോഷണം. ഫോൺ നഷ്ടപ്പെട്ടാൽ കണ്ടെത്താനുള്ള സംവിധാനം ഐ ഫോണിൽ സെറ്റ് ചെയ്തിരുന്നു.

റെയിൽവേ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആർ. ഷഹേഷ്, ഡാൻസാഫ് അംഗങ്ങളായ കെ.വി. തോമസ്, റിസ്വാൻ എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാവൂരിൽ തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നിടത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ ഫോൺ ഉൾപ്പെടെ മൂന്നുലക്ഷം രൂപയുടെ എട്ട് മൊബൈൽഫോണുകൾ കൈവശമുണ്ടായിരുന്നു. ഇവയെല്ലാം മോഷണം പോയവയാണെന്ന് സ്ഥിരീകരിച്ചു. മൂന്നു ഫോണുകളുടെ ഉടമകളെ കണ്ടെത്തി. ആലുവ തോട്ടുമുഖത്ത് റോഡരി​കിൽ നിറുത്തിയിട്ട ബൈക്കിൽനിന്നാണ് ഒരു ഫോൺ കവർന്നത്.

ഹെറോയിനും കഞ്ചാവും കൈവശംവച്ചതിന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മൂന്നു കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയിൽവേ പൊലീസ് എസ്.ഐ ഇ.കെ. അനിൽകുമാർ അറിയിച്ചു. ഇയാൾ കുടുംബസമേതമാണ് താമസം. കൂടുതൽ മോഷണങ്ങൾ നടത്തിയതായി സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, അഖിൽ തോമസ്, എ.പി. അനീഷ്‌കുമാർ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button