പാകിസ്ഥാന് പുറത്തേക്കുള്ള വാതില്‍ തുറന്ന് ക്യാപ്റ്റന്‍ ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറി; ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍

പല്ലെക്കെലെ: പാകിസ്ഥാനെ തകര്‍ത്ത് ട്വന്റി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് ഇംഗ്ലണ്ട്. സൂപ്പര്‍ എട്ടിലെ പോരാട്ടത്തില്‍ 2 വിക്കറ്റുകള്‍ക്കാണ് ഇംഗ്ലീഷ് വിജയം. 165 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലീഷുകാര്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചത്. 51 പന്തുകളില്‍ 100 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി പ്രതീക്ഷ അവശേഷിക്കുന്നുള്ളൂ.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി. ജോസ് ബട്‌ലര്‍ 2(3), ജേക്കബ് ബെഥല്‍ 8(10), ടോം ബാന്റണ്‍ 2(6) എന്നിവരും പെട്ടെന്ന് പുറത്തായതോടെ ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ ഹാരി ബ്രൂക് തകര്‍പ്പന്‍ ഫോമിലായിരുന്നു. 51 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളും 10 ബൗണ്ടറിയുമാണ് ഇംഗ്ലീഷ് നായകന്‍ അടിച്ചെടുത്തത്. ബ്രൂക്കിന്റെ സെഞ്ച്വറിക്ക് ശേഷം 28 റണ്‍സെടുത്ത വില്‍ ജാക്‌സ് ആണ് പിന്നീടുള്ള ടോപ് സ്‌കോറര്‍.
സാം കറന്‍ 16(15) റണ്‍സ് നേടി നിര്‍ണായക സംഭാവന നല്‍കി. ജേമി ഓവര്‍ടണ്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ലിയാം ഡോസന്‍ 1*(1), ജോഫ്ര ആര്‍ച്ചര്‍ 5*(2) എന്നിവര്‍ പുറത്താകാതെ നിന്നു. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി നാല് വിക്കറ്റുകളും ഉസ്മാന്‍ താരീഖ്, മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ സഹിബ്സദാ ഫര്‍ഹാന്‍ 63(45) നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുവശത്ത് നിന്ന് ഫര്‍ഹാന് മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ഓപ്പണര്‍ സയീം അയൂബ് 7(7), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 5(6) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ പാകിസ്ഥാന്‍ 20ന് രണ്ട് എന്ന നിലയിലേക്ക് വീണു. മൂന്നാം വിക്കറ്റില്‍ മുന്‍ നായകന്‍ ബാബര്‍ അസം 25(24) ഫര്‍ഹാനൊപ്പം 48 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായി. ഫഖര്‍ സമന്‍ 25(16) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ 8(5), മുഹമ്മദ് നവാസ് 0(1), ഷഹീന്‍ ഷാ അഫ്രീദി 2(3) എന്നിവരും നിരാശപ്പെടുത്തി. ഷദാബ് ഖാന്‍ 11 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ടായി. സല്‍മാന്‍ മിര്‍സ 2*(3) പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ലിയാം ഡ്വാസന്‍ ബൗളിംഗില്‍ തിളങ്ങി. ജോഫ്ര ആര്‍ച്ചര്‍, ജേമി ഓവര്‍ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആദില്‍ റഷീദിന് ഒരു വിക്കറ്റ് ലഭിച്ചു.
Source link



