LATEST

ഒരു കുടുംബത്തിന് 10,000 രൂപ വീതം; വന്‍ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനവുമായി പ്രതിപക്ഷം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ വാഗ്ദ്ധാനവുമായി എഐഡിഎംകെ. അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പഴനിസ്വാമിയാണ് ധനസഹായ പ്രഖ്യാപനം നടത്തിയത്. വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഇതില്‍ നിന്ന് ഒരു ആശ്വാസം എന്ന നിലയിലാണ് ധനസഹായം നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഡിഎംകെ പുറത്തിറക്കിയ മൂന്നാമത്തെ പ്രകടനപത്രികയിലാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനമുള്ളത്. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ 10,000 രൂപയായി ഉയര്‍ത്തുമെന്നും പാര്‍ട്ടി വാഗ്ദ്ധാനം നല്‍കുന്നു. ഡിഎംകെ സര്‍ക്കാര്‍ 5000 രൂപയുടെ ധനസഹായ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെ അതിന് ഇരട്ടി തുക പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ബീഹാറില്‍ എന്‍ഡിഎ പരീക്ഷിച്ച് വിജയിച്ച സാമ്പത്തിക സഹായ മോഡല്‍ പരീക്ഷിക്കുകയാണ് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയും വലിയ വാഗ്ദ്ധാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരം വാഗ്ദ്ധാനങ്ങള്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെപ്പോലും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്നത്.


Source link

Related Articles

Back to top button